അടൂർ : കൊവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയ അടൂർ എസ്. എൻ. ഡി. പി യൂണിയന്റെ മെറിറ്റ് അവാർഡ് മേള ഇക്കുറി പ്രൗഢഗംഭീരമായി. യൂണിയൻ ആസ്ഥാനത്തെ നവീകരിച്ച ശ്രീനാരായണ പ്രാർത്ഥനാ മന്ദിരത്തിലെ ആദ്യപരിപാടിയും ഇതായിരുന്നു. അഞ്ഞുറിലധികം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാൾ തോരാ മഴിയിലും നിറഞ്ഞുകവിഞ്ഞത് യൂണിയന്റെ പ്രവർത്തന മികവിനുള്ള അംഗീകാരംകൂടിയായി. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രാർത്ഥനാഹാൾ എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗണേശസ്തുതിയോടെയുള്ള നൃത്തമായിരുന്നു ആദ്യം വേദിയിൽ അവതരിപ്പിച്ചത്. തുടർന്നായിരുന്നു യോഗ നടപടികൾ. യൂണിയനിലെ 66 ശാഖകളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷമായി എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ശാഖായോഗം, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേനാ പ്രവർത്തകരും ഒത്തുകൂടിയതോടെ യൂണിയൻ ആസ്ഥാനം സമീപകാലംകണ്ട ഏറ്റവും വലിയ സമ്മേളനത്തിനും ജനസഞ്ചയത്തിനും സാക്ഷ്യം വഹിച്ചു. എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശന്റെ സാന്നിദ്ധ്യം യോഗത്തിന് ഏറെ പ്രൗഢിയേകി. യൂണിയന്റെ ഷോപ്പിംഗ് കോപ്ളക്സിന് പിന്നിലായുള്ള പഴയഹാളാണ് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച് പ്രാർത്ഥാനാഹാളാക്കി മാറ്റിയത്. ഇതോടെ യൂണിയന്റെയും മറ്റ് സംഘടനകളുടെയും സമ്മേളനങ്ങൾ നടത്തുന്നതിനുള്ള പ്രധാനഇടമായി ഇവിടം മാറും. മൈക്ക്സെറ്റ്, കസേര ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒപ്പം പാർക്കിംഗിനുള്ള സൗകര്യവും വിപുലീകരിച്ചു. നവീകരിച്ച പ്രാർത്ഥാനാ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അതീവഭാഗ്യമായി കാണുന്നു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. ഇതിന് നേതൃത്വം നൽകിയ യൂണിയൻ ഭാരവാഹികളെ അഭിനന്ദിക്കുകയും ഇത്തരത്തിലുള്ള ചടുലമായ പ്രവർത്തനങ്ങളാണ് എസ്. എൻ. ഡി. പി യോഗത്തിന് ആവശ്യമെന്നും ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങിനു ശേഷം വിഭവസമൃദ്ധമായ ഒാണസദ്യയും കഴിച്ചാണ് പ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മടങ്ങിയത്.
അടൂർ എൻ. സുകുമാരൻ അനുസ്മരണം നടത്തി
.
എസ്. എൻ. ഡി. പിയോഗം മുൻ ഡയറക്ടർ ബോർഡ് മെമ്പറും അടൂർ യൂണിയൻ മുൻ സെക്രട്ടറിയും എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പറുമായിരുന്ന അന്തരിച്ച അടൂർ എൻ. സുകുമാരൻ അനുസ്മരണവും നടത്തി. നവീകരിച്ച പ്രാർത്ഥാന ഹാൾ ആദ്യം നിർമ്മിച്ചത് അടൂർ എൻ. സുകുമാരൻ യൂണിയൻ സെക്രട്ടറിയായിരിക്കേയാണെന്ന് ആമുഖമായി സംസാരിച്ച യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ പറഞ്ഞു. വടക്കടത്തുകാവ് ശാഖായോഗം സെക്രട്ടറി വിജയൻ അനുസ്മരണസന്ദേശം വായിച്ചു. തുടർന്ന് സദസിലും വേദിയിലും ഉണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് ആത്മാവിന്റെ നിത്യാശാന്തിക്കായി പ്രാർത്ഥിച്ച ശേഷമാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.