അടൂർ: ജനറൽ ആശുപത്രിയുടെ വികസനത്തിനായി നിലവിൽ അപ്‌ളൈഡ് കോളേജ് പ്രവർത്തിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തീരുമാനിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ജില്ലയിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളിൽ ഒന്നായ അടൂർ ജനറൽ ആശുപത്രിയുടെ വികസനം സ്ഥലപരിമിതി മൂലം വർഷങ്ങളായി സ്തംഭനാവസ്ഥയിലാണ്. നിലവിൽ കിഫ്ബി ഫണ്ടിലൂടെ വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആശുപത്രിയുടെ സമ്പൂർണ്ണ വികസനം സാദ്ധ്യമാക്കുന്നതിനുള്ള നടപടികളാണ് പരോഗമിക്കുന്നത്. 300 കിടക്കകളും ദിനംപ്രതി രാണ്ടായിരത്തിലധികം രോഗികൾ ഒ.പി വിഭാഗത്തിലുമടക്കം ചികിത്സ തേടിയെത്തുന്നതിനൊപ്പം പ്രതിമാസം അഞ്ഞൂറിൽ പരം വിവിധ ശസ്ത്രക്രിയകളും നൂറിൽപ്പരം പ്രസവകേസുകളും അഞ്ഞൂറിലധികം ഡയാലിസിസും ഇവിടെ നടന്നുവരുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആശുപത്രിയുടെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി ഐ. എച്ച്. ആർ. ഡി കോളേജിന്റെ ഒന്നര ഏക്കറോളം സ്ഥലം ആശുപത്രി വികസനത്തിനായി ഏറ്റെടുക്കുന്നതിനൊപ്പം ഹൈസ്‌കൂൾ ജംഗ്ഷന് സമീപമുള്ള കെ. ഐ. പി വകസ്ഥലം ഏറ്റെടുത്ത് കോളേജിനാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് അനൗപചാരികമായ തീരുമാനം നേരത്തെ എടുത്തിരുന്നു.മുൻ നിയമസഭാ കാലയളവുമുതൽ ഇതേ ആവശ്യം ഉന്നയിച്ച് ചിറ്റയം ഗോപകുമാർ ആരോഗ്യവകുപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. വിവിധ വകുപ്പുകൾ ബന്ധപ്പെട്ട വിഷയമായതിനാൽ ഫയൽ ഏകോപനമില്ലാതെ നീളുകയായിരുന്നു. വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കി ഈ വിഷയം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്ന് തീരുമാനമെടുക്കണമെന്ന ഡെപ്യൂട്ടി സ്പീക്കറുടെ അഭ്യർത്ഥനയെ തുടർന്ന് അനുബന്ധ വകുപ്പുതല സെക്രട്ടറിമാർ ,ഉന്നതതല ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരുടെ യോഗം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്.
തീരുമാനങ്ങൾ
സംയുക്ത സ്ഥല പരിശോധന നടത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തുക.
ഐ. എച്ച്. ആർ. ഡി കോളേജ് നിൽക്കുന്ന സ്ഥലം ഏറ്റെടുക്കന്നതിനൊപ്പം പകരം രണ്ടേക്കർ സ്ഥലം കോളേജിനായി നൽകുക.
കോളേജിന്റെ നിലവിലുള്ള കെട്ടിടം പൊളിക്കാതെ തന്നെ ആശുപത്രി വികസനത്തിനായി ഉപയോഗിക്കുക.
അടുത്ത അദ്ധ്യായന വർഷത്തിന് മന്നോടിയായി ഐ. എച്ച്. ആർ. ഡിക്ക് പുതിയ കെട്ടിടംനിർമ്മിച്ചു നൽകുക.