പന്തളം: ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൺ സുശീല സന്തോഷ് പങ്കെടുത്തില്ല. ഡെപ്യൂട്ടി ചെയർപേഴ്‌സണൻ യു. രമ്യയുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ നടന്നു. കൗൺസിൽ കൂടുമ്പോൾ പ്രതിപക്ഷ സമരത്തെ തുടർന്ന് പലതവണ അലങ്കോലപ്പെട്ടിരുന്നു. എന്നാൽ ചെയർപേഴ്‌സൺ പങ്കെടുക്കാതിരുന്ന ഇന്നലെ തീരുമാനങ്ങൾ പാസാക്കി കൗൺസിൽ പിരിഞ്ഞു.
ചെയർ പേഴ്‌സൺ മാറി നിന്നാൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന എല്ലാ അജണ്ടകളും പാസാക്കുമെന്ന് നഗരസഭ സെക്രട്ടറിയെ എൽ.ഡി .എഫ് അറിയിച്ചിരുന്നു..
ഇന്നലെ യോഗം ആരംഭിച്ചപ്പോൾത്തന്നെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാനായർ പി.എം.എ.വൈ , ലൈഫ് പദ്ധതിയുടെ അജണ്ട, ഓണത്തിന് മുമ്പ് സ്ട്രീറ്റ് ലൈറ്റിടാൻ ആവശ്യമായ ട്യൂബ്,ബൾബ് തുടങ്ങിയ സാധനങ്ങൾ വാങ്ങാനുള്ള അജണ്ട എൽ.ഡി.എഫി ന്റെ മുഴുവൻ കൗൺസിലർമാരും ഏകകണ്ഠമായി പിന്തുണയ്ക്കുന്നുവെന്നറിയിച്ചു. യു.ഡി.എഫും കൗൺസിൽ തീരുമാനങ്ങൾ അംഗീകരിച്ചു. ആലുവ മുൻസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ പോയതിനാലാണ് യോഗത്തിനെത്താൻ കഴിയാതിരുന്നതെന്ന് ചെയർപേഴ്‌സണൻ സുശീല സന്തോഷ് പറഞ്ഞു.