ordeer
പ്രധാന റോഡിലെ കുഴിയെണ്ണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പാെലീസ് ചീഫ് ഇന്നലെ ഇറക്കിയ ഉത്തരവ്

പത്തനംതിട്ട: ഇന്നലെ കിട്ടിയ ജില്ലാ പൊലീസ് ചീഫിന്റെ അപ്രതീക്ഷിത ഉത്തരവ് കണ്ട് ജില്ലയിലെ പൊലീസുകാർ അമർഷം പൂണ്ടു. ഒാരോ സ്റ്റേഷൻ പരിധിയിലെയും പ്രധാന റോഡുകളിലെ അപകട സാദ്ധ്യതയുള്ള കുഴികൾ എണ്ണി റിപ്പോർട്ട് കൊടുക്കണമെന്നായിരുന്നു ഉത്തരവ്. ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് കുഴികൾ എണ്ണി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ് നൽകിയത് രാവിലെ 11മണിക്കാണ്. ഇതു കണ്ട് ഞെട്ടിയ സ്റ്റേഷൻ ഹൗസ് ഒാഫീസർമാർ കുഴിയെണ്ണാൻ പൊലീസുകാരെ അന്വേഷിച്ച് നെട്ടോട്ടമോടി. രാവിലെ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ പലവിധ അടിയന്തര ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ എങ്ങനെ കുഴികൾ എണ്ണുമെന്ന കാര്യം സി.ഐമാരെ ഉൾപ്പെടെ കുഴപ്പിച്ചു. ഉത്തരവ് പാലിക്കാൻ റോഡിലിറങ്ങിയ പല പൊലീസുകാരും ഏതാനും കുഴികളെണ്ണി. എണ്ണിയതിന്റെ ഇരട്ടി കണക്കൊപ്പിച്ച് പലരും റിപ്പോർട്ട് നൽകിയതായാണ് അറിവ്. ജോലിക്കിടെ ആദ്യമായാണ് കുഴിയെണ്ണേണ്ടി വന്നതെന്ന് വർഷങ്ങളായി സേനയിലുള്ള പൊലീസുകാർ പറയുന്നു. തീരാത്ത ജോലിഭാരത്തിനിടെ പൊതുമരാമത്തുകാരുടെ പണി കൂടി ഏറ്റെടുക്കേണ്ടി വന്നതിന്റെ രോഷത്തിലാണ് പൊലീസുകാർ. ഉച്ചയ്ക്ക് ഒന്നിന് മുൻപ് കുഴിയെണ്ണി രണ്ടിന് അവലോകന യോഗത്തിൽ പങ്കെടുക്കണമെന്നാണ് ജില്ലാ പൊലീസ് ചീഫ് നൽകിയിരുന്ന ഉത്തരവ്. എന്നാൽ, ഒരു മണിക്ക് മുൻപ് കുഴിയെണ്ണാൻ പല പൊലീസ് സ്റ്റേഷനുകൾക്കും കഴിഞ്ഞില്ല. ഇക്കാരണത്താൽ അവലോകന യോഗം ഇന്നത്തേക്കു മാറ്റിയതായാണ് സൂചന.

ജില്ലയിൽ കുഴിയില്ലാത്ത റോഡ് പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമേ ഉള്ളൂവെന്നാണ് അറിയുന്നത്. ളാഹ മുതൽ പമ്പ വരെയും ഇലവുങ്കൽ മുതൽ കണമല വരെയുമാണ് പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രധാന റോഡുകൾ. ശബരിമല പാതകളായ രണ്ട് റോഡുകളിലും ഉന്നത നിലവാരത്തിൽ ടാറിംഗും അറ്റകുറ്റപ്പണികളും വർഷം തോറും നടക്കുന്നതിനാൽ അപകടകരമായ കുഴികളില്ല എന്ന റിപ്പോർട്ട് കൊടുക്കാൻ കഴിഞ്ഞത് പമ്പ പൊലീസിനാണ്.