ചെങ്ങന്നൂർ: കഴിഞ്ഞ രണ്ടുദിവസമായി ചെറിയനാടും പരിസര പ്രദേശങ്ങളിലും തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നാട്ടുകാർക്ക് ആശങ്ക. പ്രദേശത്തെ കോഴികളെയും ആടുകളെയുമാണ് അജ്ഞാത ജീവി കൊന്ന് തിന്നുന്നത്. പുത്തേത്ത് മല നിഷയുടെ വീട്ടിലാണ് ആദ്യസംഭവം. ഇവിടെ ഉണ്ടായിരുന്ന നിരവധി കോഴികളെ ജീവി കടിച്ചുകൊന്നു. കോഴിക്കൂടിന്റെ വേലി ഇളക്കിമാറ്റിയ നിലയിലാണ്. പ്രദേശത്ത് അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാണ് ഇവ കടന്നുകളഞ്ഞത്. ചെറിയനാട് അയോദ്ധ്യാപ്പടിയിൽ ആടുകളെയും കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടു. കാക്കാപ്പള്ളി തുണ്ടിയിൽ പ്രഭാകരന്റെ ആടുകളെയാണ് കൊന്നത്. കൂടിന്റെ ഭാഗത്തു നിന്നും ആടുകളെ വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊന്നുതിന്നത്. സാധാരണ നാട്ടുമൃഗങ്ങൾ ഇത്തരത്തിൽ ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ വന്യജീവികളാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ. പ്രദേശത്തെ കാടുപിടിച്ച ഇടങ്ങളിലും മറ്റും നാട്ടുകാർ സ്വന്തം നിലയ്ക്ക് അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ സംഭവം നടന്ന സ്ഥലങ്ങളിലെ കാൽപ്പാടുകൾ ആശങ്ക പടർത്തുന്നുണ്ട്.
വനംവകുപ്പിന് പരാതി
ജീവിയുടെ ആക്രമണം വ്യാപകമായതോടെ വനംവകുപ്പിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കാർഷിക മേഖലയായ ചെറിയനാട്ടിൽ നിരവധിയാളുകളാണ് ആട്, കോഴി, പശു തുടങ്ങിയവയെ വളർത്തി ഉപജീവനം നടത്തുന്നത്. അതിനാൽ അടിയന്തരമായി നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.