padam
പാടത്തു നിന്നുള്ള കാഴച

കോന്നി: കലഞ്ഞൂരിൽ നിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മലമടക്കുകളും തോട്ടങ്ങളും വനത്തിന്റെ മനോഹാരിതയുമുള്ള പത്തനംതിട്ട കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ പാടത്തെത്താം. ഒരുകാലത്ത് ടാർ പോലും ചെയ്യാത്ത മൺപാതയിലൂടെ കാളവണ്ടിയിൽ പലസ്ഥലങ്ങളിൽ നിന്ന് പാടത്തേക്ക് പലായനം ചെയ്ത പല കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. പുന്നക്കുടിയും വണ്ടണി കോട്ടയും പൂമലകോട്ടയും പാടത്തിനെ ചുറ്റി നിൽക്കുന്നു. കിഴക്കേവെള്ളംതെറ്റിയും സംരക്ഷിത മുളം തോട്ടങ്ങളാൽ മനോഹരമായ ഇരുട്ട് തറയും വെള്ളച്ചാട്ടങ്ങളും പാടത്തെ കൂടുതൽ മനോഹാരിയാക്കുന്നു.വന്യമൃഗങ്ങൾ ഉള്ള കാടിനു നടുവിലെ ഒരു ഗ്രാമം.പാടത്തെ യൂക്കാലി, മാഞ്ചിയം തോട്ടങ്ങൾ ഗ്രാമത്തിന് കൂടുതൽ സൗന്ദര്യം നൽകുന്നു. നാട്ടിലെ രാജവംശകളുടെ ഒരു കാനനപാതയായിരുന്നു പാടം അച്ഛൻകോവിലും പാടം പറക്കുളം ക്ഷേത്രവും അതിന് ഉദാഹരണങ്ങളാണ്. സംഘകാലഘട്ടങ്ങളിൽ ചോള ചേര രാജവംശങ്ങൾ തമ്മിലുണ്ടായ യുദ്ധത്തിൽ ആട്ടിയോടിക്കപ്പെട്ട ഒരു ജനതയുടെ പിന്മുറക്കാർ ആയിരിക്കണം കിഴക്കേ വെള്ളംതെറ്റിയിലെ ആദിവാസി ഗോത്ര വർഗക്കാർ എന്നും പറയപ്പെടുന്നു. പാടത്തെ വനത്തിന്റെ നടുവിൽ മഹാക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു.

ദൃശ്യവിസ്മയം ഒരുക്കി പറക്കുളം ക്ഷേത്രം

വലിയകുളം, ചുറ്റിനും ദേവവൃക്ഷങ്ങൾ, കൽപ്പടവുകൾ തുടങ്ങി കാഴ്ചയിൽ ദൃശ്യവിസ്മയം തീർക്കുന്ന സ്ഥലമാണ് പറക്കുളം ക്ഷേത്രം . പശ്ചിമഘട്ടവനത്തിൽ പാടത്തുനിന്ന് ഒൻപത് കിലോമീറ്റർ ഉള്ളിലാണ് പറക്കുളം ക്ഷേത്രം. ഒരുകാലത്ത് ക്ഷേത്രത്തിന് ചുറ്റും ജനവാസമുണ്ടായിരുന്നതിന്റെ അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. കാട്ടാനകൾ വിഹരിക്കുന്ന സ്ഥലത്താണ് ക്ഷേത്രത്തിന്റെ അവശേഷിപ്പുകളുള്ളത്.തഞ്ചാവൂർ ശില്പകലയിലെ കൊത്തുപണികളാണ് ഇവിടെ കാണാൻ കഴിയുന്നത്. ക്ഷേത്രത്തിന്റെ സോപാന കല്ലുകളിൽ ഉൾപ്പെടെ മഹാക്ഷേത്രങ്ങളിൽ ചെയ്തുവരുന്ന എല്ലാത്തരം അലങ്കാരപ്പണികളും ചെയ്തിട്ടുള്ളതായി ഇവിടെ കാണാം. ക്ഷേത്രത്തിന്റെ തറയാണ് ഇപ്പോൾ അവശേഷിക്കുന്നത്. പ്രതിഷ്‌ഠയുമുണ്ട്. ചുറ്റും തകർന്ന ക്ഷേത്ര അവശിഷ്ടങ്ങൾ കാണാം.