mala

പത്തനംതിട്ട: ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് പന്തളത്ത് നടക്കും. പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപം സജ്ജമാക്കിയ വേദിയിൽ വൈകിട്ട് നാലിന് പന്തളം കൊട്ടാരത്തിലെ ശ്രീമൂലംതിരുനാൾ ശശികുമാർ വർമ്മയും ശബരിമല തന്ത്രി കണ്ഠര് രാജീവരും ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും. അന്തർദേശീയ ഹരിവരാസനം ശതാബ്ദി ഭാഷാസമിതി വർക്കിംഗ് ചെയർമാൻ റിട്ട. ജസ്റ്റിസ് ഡോ. എം.ജയചന്ദ്രൻ ചെന്നൈ അദ്ധ്യക്ഷത വഹിക്കും. ചിന്മയമിഷൻ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമിനി ജ്ഞാനാഭനിഷ്ഠ, സ്വാമി ഗീതാനന്ദജി, സ്വാമി കൈവല്യാനന്ദ എന്നിവർ പങ്കെടുക്കും. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യഗണപതിഹോമം, സമൂഹനീരാജനപൂജ, ശാസ്താംപാട്ട് എന്നിവയുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്ന് വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കും. തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ വൈവിദ്ധ്യമാർന്ന പാരമ്പര്യ സാംസ്‌കാരിക കലാരൂപങ്ങൾ ഘോഷയാത്രയിലുണ്ടാകും. 2024 ജനുവരിയിൽ ആഗോള അയ്യപ്പ മഹാസംഗമത്തോടെ സമാപിക്കും. കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഘോഷസമിതി ദേശീയ ജനറൽ കൺവീനർ സ്വാമി അയ്യപ്പദാസ് പറഞ്ഞു.