തിരുവല്ല; ശ്രീവല്ലഭക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ഗണേശോത്സവം സംഘടിപ്പിക്കാനുള്ള നീക്കത്തിൽ ദേവസ്വം അധികൃതരും ഭരണസമിതിയും പ്രതിഷേധിച്ചു. ഇത് സംബന്ധിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും ഏകപക്ഷീയവും ഭക്തജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്ത് വിവിധ സംഘടനകൾ ചുരുങ്ങിയ സമയത്തേക്ക് അനുമതിനേടി പരിപാടികൾ നടത്താറുണ്ട്. എന്നാൽ വിഗ്രഹംവച്ചു ഹോമകുണ്ഡംകൂട്ടി പൂജിച്ചുള്ള ഗണേശോത്സവം അനുമതിയില്ലാതെ ശ്രീവല്ലഭ ക്ഷേത്രവളപ്പിൽ നടത്തുന്നത് ദേവസ്വം ബോർഡിന്റെ ചട്ടങ്ങളുടെയും കോടതി ഉത്തരവുകളുടെയും ലംഘനമാണ്. ശ്രീവല്ലഭസേന എന്ന സംഘടന അനുമതിക്കായി ദേവസ്വത്തിൽ അപേക്ഷപോലും നൽകാതെ ധിക്കാരപരമായ നീക്കങ്ങളാണ് നടത്തുന്നത്. ശ്രീവല്ലഭ ക്ഷേത്രത്തിൽ ഇത്തരം ആചാരപരമായ ചടങ്ങുകൾ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും സാമ്പത്തികലാഭത്തിനും വേണ്ടിയാണെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് ദേവസ്വം ബോർഡ് ഉത്തരവാദികളെല്ലെന്നും ശ്രീവല്ലഭക്ഷേത്രത്തിനുവേണ്ടി സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരനും അഡ്‌ഹോക് കമ്മിറ്റിയും അറിയിച്ചു.