തിരുവല്ല: തീരദേശവാസികളുടെയും മലയോര പ്രദേശത്തെ ആളുകളുടെയും ആശങ്കയകറ്റുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലീത്ത അഭ്യർത്ഥിച്ചു. തീരപ്രദേശങ്ങൾ ശോഷിക്കുന്നതും ജനങ്ങളുടെ ആവാസമേഖല കുറയുന്നതും തീരവാസികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം കടലിലെ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ തീരശോഷണത്തിന് ആക്കംകൂട്ടുന്നുമുണ്ട്. ലത്തീൻ കത്തോലിക്കാ വിശ്വാസികൾ ഇപ്പോൾ സമരമുഖത്താണ്. ബഫർസോൺ വിഷയത്തിലും ജനവാസമേഖല കൃത്യമായി അടയാളപ്പെടുത്താത്തത് മലയോര കർഷകരുടെ ജീവിതം അസ്വസ്ഥമാക്കുന്നു. തീരപ്രദേശത്തായാലും മലയോരത്തായാലും ജനവാസമേഖലകൾ കുറയുന്നതിന് പഠനങ്ങൾ അനിവാര്യമാണ്. ഇരകളാകുന്നവർക്ക് നഷ്ടപരിഹാരമോ പുനരധിവാസമോ നല്കകേണ്ടതും അടിയന്തിര ആവശ്യമാണ്. എല്ലാമാറ്റങ്ങളും വികസന പ്രക്രിയകളും അടിച്ചേൽപ്പിക്കുന്നതിന് പകരം ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുവേണമെന്നും മെത്രാപോലീത്ത അഭ്യർത്ഥിച്ചു.