 
ചെങ്ങന്നൂർ: പുന്തല വെട്ടിക്കാട്ടേത്ത് ദേവീക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ നിന്ന് പണം അപഹരിച്ചു. ഓഫിസിൽ നിന്ന് താക്കോൽ കൈക്കലാക്കി ക്ഷേത്ര വാതിൽ തുറന്ന് ഉള്ളിൽ കയറിയെങ്കിലും പുലർച്ചെ ക്ഷേത്ര ജീവനക്കാർ എത്തിയതോടെ മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. ഇന്നലെ പുലർച്ചെ 4.30ന് ജീവനക്കാരനായ (തളി) ഗോപാലനാണ് ആദ്യം ക്ഷേത്രത്തിലെത്തിയത്. ഈ സമയം ഓഫിസും ക്ഷേത്രത്തിന്റെ വാതിലും തുറന്നു കിടക്കുകയായിരുന്നു.ക്ഷേത്രത്തിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അകത്തുണ്ടായിരുന്ന കള്ളൻ ഗോപാലനെ തള്ളി മാറ്റി പുറത്തേക്കിറങ്ങി. ഈ സമയം മറ്റൊരു ജീവനക്കാരനായ (കഴകം) പരമേശ്വര കുറുപ്പും സ്ഥലത്തെത്തി. ഇതോടെ മോഷ്ടാവ് താൻ വന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു. ശ്രീകോവിൽ തുറക്കാൻ മോഷ്ടാവിന് കഴിഞ്ഞില്ല. ശ്രീകോവിലിലാണ് സ്വർണ നിർമ്മിതമായ അങ്കി ഉൾപ്പടെയുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഓഫിസിലെ മേശവലിപ്പിൽ ഉണ്ടായിരുന്ന രണ്ടായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. വൈദ്യുതി ഇല്ലാത്തതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഓഫീസ് കുത്തിതുറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ക്ഷേത്ര പരിസരത്തുനിന്ന് ലഭിച്ചു. വെണ്മണി പൊലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി.