പത്തനംതിട്ട : മഴയിലും മായാത്ത ഉത്സവാവേശമായി ഇന്ന് അത്തം. ഇന്നാണ് അത്തപ്പൂക്കളം ഇട്ടുതുടങ്ങേണ്ടത്. മഴവെള്ളം നിറഞ്ഞുകിടക്കുകയാണെങ്കിലും മുറ്റത്ത് പതിവുപോലെ പൂക്കളമൊരുക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. മഴയിൽ പൂക്കൾ കൊഴിഞ്ഞുപോയെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് യഥേഷ്ടം എത്തുന്നുണ്ട്. ഹൊസൂർ, ഡിണ്ടിഗൽ, തെങ്കാശി, താരാവാടി, ശങ്കർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പൂക്കളെത്തുന്നത്. . ഇന്ന് എത്തിക്കുമെന്ന് പറഞ്ഞ പൂക്കൾ മഴകാരണം എത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മഴയിൽ പൂക്കൾ അഴുകിപ്പോകുമെന്നതിനാൽ കയറ്റി അയയ്ക്കാൻ മടിക്കുകയാണ്. . അത്തപ്പൂക്കളമൊരുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവരുണ്ട്. ഇവർക്ക് നൽകാൻ പോലും പൂക്കളില്ല. വിലയും കൂടി.

അത്തപൂക്കളം

തൃക്കാക്കര വരെ ചെന്ന് ദേവനെ കണ്ട് ആരാധിക്കാൻ സാധിക്കാതെ വന്ന ജനങ്ങൾ പൂക്കളമിട്ട് അതിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നതാണ് അത്തപൂക്കളത്തിന്റെ ഐതിഹ്യമെന്ന് പറയപ്പെടുന്നു. കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ നീണ്ടുനിന്നിരുന്ന ആഘോഷമാണ് ഓണമെന്നും ഐതിഹ്യമുണ്ട്. അത്തം നാളിൽ തുമ്പപ്പൂവിട്ടാണ് പൂക്കളം ആരംഭിക്കുന്നത്.

പൂക്കളുടെ വില (കി.ഗ്രാം)

വാടാമല്ലി : 230

ബന്തി : 90

റോസ് : 250

അരളി : 250

മുല്ല : 1000( ഒരു മുഴം 40 രൂപ)

ജമന്തി : 260