
പത്തനംതിട്ട: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ മതാധിഷ്ഠിത വിദ്യാഭ്യാസ ക്രമം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. 'ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന ഭീഷണികളും കേരളത്തിന്റെ ബദലുകളും' എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിലെ 50 കേന്ദ്രങ്ങളിൽ നടത്തുന്ന ജനകീയ വിദ്യാഭ്യാസ കൺവെൻഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ നയത്തിന് ഭരണകൂടത്തിന്റെ സാമ്പത്തിക നയവുമായി ബന്ധമുണ്ട്. സ്വകാര്യവത്കരണത്തിനും കമ്പോളവത്കരണത്തിനും ശ്രമിക്കുന്ന ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ നയം ഈ രംഗത്തെ നേട്ടങ്ങളെ പിറകോട്ടടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ടി.പി.കലാധരൻ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ജില്ലാ കൺവീനർ ഡോ.ആർ.വിജയമോഹനൻ മോഡറേറ്ററായിരുന്നു. സംഘാടക സമിതി കൺവീനർ ഡോ.കെ.പി.കൃഷ്ണൻകുട്ടി, പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എൻ.അനിൽ, സെക്രട്ടറി സി.സത്യദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സ്റ്റാലിൻ, പ്രൊഫ.കെ.എസ്.ശ്രീകല, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ സാബിറാ ബീവി (കെ.എസ്.ടി.എ), ജോസ് മത്തായി (കെ.പി.എസ്.ടി.എ), പന്തളം എ.ഇ.ഒ രാധാകൃഷ്ണൻ ടി.പി, മേഖലാ കൺവീനർ കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.