 
തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവല്ല മൃഗാശുപത്രി ജംഗ്‌ഷനിൽ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമാണ് അപകടങ്ങൾ നടന്നത്. തിരുവല്ല - പൊടിയാടി റോഡ് നിലവാരമുയർത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി എത്തിച്ച കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിന് പിന്നിലിടിച്ചാണ് രണ്ട് അപകടങ്ങളും. ഞായറാഴ്ച രാത്രി 10ന് മിക്സിംഗ് യൂണിറ്റിന് പിന്നിൽ പെട്ടിഓട്ടോ ഇടിച്ചായിരുന്നു ആദ്യ അപകടം. ഷെമി സലിം (34), മകൾ ഷെഹല (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഷെഹല അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു രണ്ടാമത്തെ അപകടം. കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിന് പിന്നിൽ കമ്പത്ത് നിന്ന് പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറി ക്ലിനറായ തെങ്കാശി സ്വദേശി സമുദ്രക്കനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങളെ തുടർന്ന് തിരുവല്ല-അമ്പലപ്പുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ് കരാർ കമ്പനി നീക്കംചെയ്ത ശേഷമാണ് ഗതാഗതം സുഗമമായത്.