 
പ്രമാടം : കോന്നി - ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്ത് അശാസ്ത്രീയമായ നിർമ്മാണം മൂലം വിവാദത്തിലായ ഇന്റർലോക്ക് കട്ടകൾ നീക്കംചെയ്തു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് വള്ളിക്കോട് തീയേറ്റർ ജംഗ്ഷൻ മുതൽ പൈനുംമൂട് ഭാഗം വരെയുള്ള കട്ടകൾ കഴിഞ്ഞദിവസം നീക്കംചെയ്തത്. കാലാവസ്ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തും. മൂന്ന് ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർക്ക് ശനിയാഴ്ച എം.എൽ.എ നിർദ്ദേശം നൽകിയതെങ്കിലും മഴ തടസം സൃഷ്ടിക്കുന്നുണ്ട്.
കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡിൽ വള്ളിക്കോട് ഭാഗത്തെ നിർമ്മാണ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ തുടക്കം മുതൽ തന്നെ സമരരംഗത്തുണ്ട് . അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകൾ മൂലം അപകങ്ങൾ പതിവായതോടെ നാട്ടുകാർ പണി തടയുകയും പൊതുമരാമത്ത് വകുപ്പ് വിജിലിൻസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രണ്ട് മാസമായി പണികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇവിടെയുണ്ടായ ബൈക്ക് അപകടത്തിൽ വള്ളിക്കോട് മൂശാരേത്ത് വീട്ടിൽ യദുകൃഷ്ണന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിക്കുകയും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്നും പണി വൈകിയ സാഹചര്യത്തിലാണ് ജില്ലാ വികസകന സമിതി യോഗത്തിൽ എം.എൽ.എ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയത്. ഇതേ തുടർന്നാണ് പണി വേഗത്തിലാക്കാൻ തീരുമാനമായത്. 2020 അവസാനമാണ് റോഡ് പണി തുടങ്ങിയത്. എസ്റ്റിമേറ്റിൽ ഇവിടെ ടാറിംഗാണ് പറഞ്ഞിരുന്നതെങ്കിലും ഇന്റർലോക്ക് കട്ടകൾ പാകാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. 12 കിലോമീറ്റർ ദൂരം വരുന്ന റോഡിന് 9.75 കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളത്.