
അടൂർ : ഏഴ് മാസം മുൻപ് വീടിന് മുന്നിൽ നിർമ്മിച്ച സംരക്ഷണഭിത്തി കനത്ത മഴയിൽ നിലംപൊത്തി. ഏഴംകുളം പഞ്ചായത്ത് 15-ാം വാർഡിൽ മങ്ങാട് പടിഞ്ഞാറ് ശ്യാം നിവാസിൽ വിക്രമന്റെ വീടിന്റെ മുറ്റവും സംരക്ഷണഭിത്തിയുമാണ് തകർന്നത്. സ്ട്രോക്ക് ബാധിച്ച വിക്രമനും ഭാര്യയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസം. ശേഷിക്കുന്ന ഭാഗവും ഏതുസമയവും നിലംപൊത്താം. വീട്ടുമുറ്റത്ത് കിണറും അപകടാവസ്ഥയിലാണ്. 80 അടി നീളവും 14 അടി ഉയരവുമുള്ള മതിലാണ് നിലംപതിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മതിൽ കെട്ടി ഉയർത്തിയതിനൊപ്പം നിർമ്മിച്ച പടിക്കെട്ടുകളും ഇടിഞ്ഞതോടെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞു. നാല് ലക്ഷം രൂപ ലോണെടുത്ത് പണിതതാണ് സംരക്ഷണഭിത്തി.