പത്തനംതിട്ട : അഖില കേരള വിശ്വകർമ്മ മഹാസഭ പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി മഹോത്സവം നാളെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ശോഭയാത്ര ആരംഭിച്ച് മുത്തൂറ്റ് ഹോസ്പിറ്റൽ, അബാൻ ജംഗ്ഷൻ, സെൻട്രൽജംഗ്ഷൻ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വഴി സമ്മേളന നഗറിൽ എത്തിച്ചേരും. യൂണിയൻ പ്രസിഡന്റ് പി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും. 3ന്‌സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ വിശിഷ്ടാതിഥിയായിരിക്കും. കൗൺസിലർ സിന്ധു അനിൽ വിദ്യാഭ്യാസ അവാർഡുദാനവും, നിഖിൽ എസ്.പ്രവീൺ ഉണർവ് ഓൺലൈൻ കലാമേളയിൽ വിജയികളായവർക്ക് സമ്മാനദാനവും നൽകും.വാർത്താ സമ്മേളനത്തിൽ മഹാസഭ കൗൺസിലർ ഇ.കെ.വിശ്വനാഥൻ, യൂണിയൻ പ്രസിഡന്റ് പി.കെ.ഗോപാലകൃഷ്ണൻ,യൂണിയൻ സെക്രട്ടറി പി.വിശ്വനാഥൻ ആചാരി,ആർട്ടിസാൻസ് മഹിളാസമാജം യൂണിയൻ സെക്രട്ടറി ബിന്ദു ഹരിദാസ് എന്നിവർ പങ്കെടുത്തു.