palliyodom
മുതവഴി പള്ളിയോടം നീരണിഞ്ഞപ്പോൾ

ചെങ്ങന്നൂർ: വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മുതവഴി പള്ളിയോടം പമ്പാനദിയിൽ നീരണിഞ്ഞു. പള്ളിയോട കരക്കാർ രാവിലെ ദേശദേവൻ കുടികൊള്ളുന്ന മുതവഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി. തുടർന്ന് വഞ്ചിപ്പാട്ട് പാടി ഘോഷയാത്രയായാണ് മാലിപ്പുരയിലെത്തിയത്. രാവിലെ പതിനൊന്നോടെ പള്ളിയോടം നീരണിഞ്ഞു. തുടർന്ന് ചെറുവള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. അന്നദാനവും നടന്നു. ചടങ്ങുകൾക്ക് 1723-ാം നമ്പർ മുതവഴി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ. ജയപ്രകാശ്, സെക്രട്ടറി എം.വി. വിജയകുമാർ, പള്ളിയോട പ്രതിനിധി ബി. കൃഷ്ണകുമാർ, ബി.ജയകുമാർ, പള്ളിയോട ശില്പി ചങ്ങങ്കരി വേണുആചാരി, ക്യാപ്റ്റൻ എസ്. വിശാൽ കുമാർ, വൈസ് ക്യാപ്റ്റൻ ബി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. 2019 ൽ ചങ്ങങ്കരി വേണു ആചാരി, മകൻ വിഷ്ണു വേണു ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പുത്തൻ പള്ളിയോടം നിർമ്മിച്ച് നീറ്റിലിറക്കിയത്. ആറന്മുള പള്ളിയോടങ്ങളിൽ 'ബി' ബാച്ചിൽ പെടുന്ന പള്ളിയോടത്തിന് നാൽപ്പത്തി ഒന്നേകാൽ കോൽ നീളവും 60 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുണ്ട്. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ, വള്ളസദ്യ വഴിപാടുകൾ, ഉത്രട്ടാതി ജലമേള, ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവം എന്നിവയിൽ പള്ളിയോടം പങ്കെടുക്കും.