pooparathi
പ്രളയത്തിൽ തകർന്ന സരോജിനിയുടെ വീട്

ചെങ്ങന്നൂർ: മഹാപ്രളയത്തിൽ മുങ്ങിയ പാണ്ടനാട് പഞ്ചായത്ത് ഒൻപതാം വാർഡിലെ പൂപ്പറത്തി ലക്ഷംവീട് കോളനിയിലെ 80 വയസ്സുകാരിയായ തങ്കമ്മയും വിധവയായ മകളും അടങ്ങുന്ന കുടുംബങ്ങൾ അടച്ചുറപ്പുള്ള വീടി​നായി​ മുട്ടാത്ത വാതി​ലി​ല്ല. വെയിലും മഴയും വീടിനുള്ളിൽ നി​റയുമ്പോൾ അറ്റകുറ്റപണി നടത്താനുള്ള പദ്ധതി​കളി​ൽ നിന്ന് ഈ പട്ടികവിഭാഗം കുടുംബങ്ങളെ ഒഴി​വാക്കി​യതായി​ പരാതിയുണ്ട്. പ്രളയത്തിൽ തകർന്ന പട്ടികജാതി കോളനികളുടെ നവീകരണത്തിനായി ഒരു കോടി രൂപ ചെലവി​ടുന്ന പദ്ധതിയിൽ പൂപ്പറത്തി കോളനി​യി​ലെ നാലു വീടുകളില്ല. കോളനിയിൽ ആകെ 14 കുടുംബങ്ങളാണുള്ളത്. അതിൽ തന്നെ എട്ടെണ്ണം പട്ടികവിഭാഗം കുടുംബങ്ങളാണ്. അവയിൽ നിന്നുള്ള നാലു കുടുംബങ്ങളാണ് പട്ടികയിൽ നിന്ന് പുറത്തായത്. ഇവരുടെ പേരുകൾ ലൈഫ് പദ്ധതിയിലുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നിർമ്മി​തി കേന്ദ്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രദേശത്തു പണികൾ ആരംഭിച്ചിരുന്നു. ഇതിൽ വാർഡിലെ മറ്റു പ്രദേശങ്ങളിലെ വീടുകളും ഉൾപ്പെടുന്നു. റോഡ് നവീകരണവും പട്ടികജാതി വികസന ഫണ്ടിൽ നടത്താൻ തയ്യാറെടുക്കുന്നു.

ഒരു വീടിന് അറ്റകുറ്റപണികൾക്കായി പരമാവധി കിട്ടുക ഒന്നര ലക്ഷം രൂപയാണ്. പൂപറത്തി ലക്ഷംവീട് കോളനിൽ 14 കുടുംബങ്ങളാണുള്ളത്. സമീപത്തായി മറ്റ് സെന്റിൽമെന്റ് കോളനികളുണ്ട്. പദ്ധതിക്ക് നടപ്പാക്കണമെങ്കിൽ കുറഞ്ഞത് 30 കുടുംബങ്ങളുണ്ടാകണമെന്ന നിബന്ധനയുണ്ട്. എന്നാൽ ഇവിടെ കോളനിക്ക് പുറത്തുള്ളവരടക്കം 52 പേരാണ് അന്തിമ പട്ടികയിലുള്ളത്. ലക്ഷംവീട് കോളനിക്ക് പുറത്തുള്ള വീടുകളും പട്ടികയില്ലുണ്ടെന്നാണ് കോളനിയിലെ ആളുകളുടെ പരാതി. എന്നാൽ പ്രളയം നേരിട്ട സമീപ കോളനികളെയും പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പ്രളയത്തിൽ തകർന്ന പട്ടികവിഭാഗം ആളുകളുടെ വീടുകളുടെ അറ്റകുറ്റപണിയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഫണ്ടിൽ നിന്ന് സമീപത്തെ റോഡ് നവീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പ്രദേശത്തെ നിർമാണം നടക്കുന്ന ഇരുനില വീടുകളും നവീകരണ പദ്ധതിയുടെ ഭാഗമാക്കിയതായി ആക്ഷേപമുണ്ട്.

അന്വേഷണം നടത്തും

ലൈഫ് പദ്ധതിയിൽ പേരുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ ദിവസമാണ് പണികൾ ആരംഭിച്ചത്. പരാതി കിട്ടിയിരുന്നു. അന്വേഷിക്കും. പ്രളയശേഷം അന്ന് നടത്തിയ പരിശോധനകൾക്കു പിന്നാലെ അംഗീകാരം ലഭിച്ച മുറയ്ക്കാണ് പദ്ധതി അനുവദിച്ചത്. അന്ന് കൊടുത്തിരുന്ന നിബന്ധനകൾ അടക്കമുള്ളവ കൃത്യമായി അറിയില്ല. നാലു വർഷം മുൻപത്തെ ഫയലുകൾ അടക്കം പരിശോധിക്കണം. നിലവിലെ 52 പേരുടെ ലിസ്റ്റിൽ നിന്ന് ലൈഫിൽ പേരുള്ള നാലു പേർ കൂടി പുറത്താകും.

ബിജി, പട്ടികജാതി വികസന ഓഫീസർ

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മോനിറ്ററിംഗ് കമ്മിറ്റിയിൽ നിന്നു പോലും ഒഴിവാക്കി ഞങ്ങളെ അവഗണിച്ചു. സംഭവത്തിൽ സജി ചെറിയാൻ എം.എൽ.എ.യ്ക്ക് അടക്കം പരാതി നൽകിയിരുന്നു.

രത്‌നകല, ലക്ഷംവീട് കോളനിവാസി