1
കളക്ടർ ദിവ്യ എസ് അയ്യർ ചുങ്കപ്പാറയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു ഒപ്പം റാന്നി എം.എൽ എ. അഡ്വ. പ്രമോദ് നാരയണൻ സമീപം

മല്ലപ്പള്ളി :ചുങ്കപ്പാറയിലെ വ്യാപാരികൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം എം.എൽ.എ ആവശ്യപ്പെട്ടത്.അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടർന്ന് കോട്ടാങ്ങലിലെ ചുങ്കപ്പാറ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 115 ഓളം കടകളിൽ ഭൂരിപക്ഷം ഭാഗങ്ങളിലും വെള്ളം കയറി സ്റ്റോക്കുകൾ അപ്പാടെ നശിച്ചു .ഓണക്കാലമായതിനാൽ ഹോൾസെയിൽ വ്യാപാരികൾ മുതൽ ചെറുകിട വ്യാപാരികൾ വരെ കടകളിൽ സാധാരണയിൽ കവിഞ്ഞ് സാധനങ്ങൾ ശേഖരിച്ചിരുന്നു. ഇവയെല്ലാമാണ് നഷ്ടപ്പെട്ടത്. കോടി കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. മൂന്നുപേർ മാത്രമാണ് ഇൻഷുറൻസ് എടുത്തിരുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞത്. വ്യാപാരികളെ സഹായിക്കുന്നതിന് മന്ത്രിസഭായോഗം ചർച്ച ചെയ്തു പ്രത്യേക പാക്കേജ് ഉണ്ടാക്കണം. ഇതേ ആവശ്യം ഉന്നയിച്ച മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും കത്ത് നൽകാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.