 
പത്തനംതിട്ട : അത്തത്തിന് ഒരു കളം പൂവെങ്കിൽ ചിത്തിരയ്ക്ക് രണ്ട് കളം പൂവാണ് ഇടുക. ഓണത്തിനായി വീടും പരിസരവും പാത്രങ്ങളും പറമ്പുകളുമെല്ലാം ഒരുക്കുന്ന തിരക്കിലാകും മലയാളികൾ. എല്ലാവരും ഒരുമിക്കുന്ന ദിനമാണ് ഓണം. ഓണ വിശേഷങ്ങളുമായി സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിൽ.
വെള്ള നിറത്തിൽ എംബ്രോയിഡറി ചെയ്ത സാരിയുടുത്തല്ല, ഇക്കുറി പാന്റും ഷർട്ടുമിട്ട് വേഷത്തിലടക്കം ഇത്തിരി മാറ്റമുണ്ട് ഡോ.എം.എസ് സുനിലിന്. പണ്ടത്തെയും ഇപ്പോഴത്തേയും ഓണം പോലെ മാറ്റങ്ങൾ ആവശ്യമാണെന്ന് എം.എസ്. സുനിൽ പറഞ്ഞുവയ്ക്കുന്നു.
ഓണക്കളികളുടെയും പ്രായഭേദമന്യേ ഊഴം കാത്ത് ഊഞ്ഞാലാടിയും നടന്ന ഏനാത്ത് ഇളംങ്കമംഗലം ഗ്രാമത്തിലെ ആഘോഷമാണ് ഓർമകളിലെ ഓണം. ചിങ്ങക്കൊയ്ത്തിൽ സ്വന്തം നിലങ്ങളിൽ കൃഷി ചെയ്ത നെല്ലും മറ്റുവിളകളും ഉപയോഗിച്ച് സദ്യയുണ്ടാക്കി എല്ലാവരും ഒരുമിച്ച് നിലത്തിരുന്ന് കഴിക്കും. രൂപകൊടുത്ത് വാങ്ങിയിടുന്ന അത്തപൂക്കളല്ല. പാടത്തും പറമ്പിലും വളരുന്ന പൂക്കൾ രാവിലെ നുള്ളി എല്ലാവരും ചേർന്ന് പൂക്കളമിടും. ഊണിന് ശേഷം നടക്കുന്ന വടംവലി മത്സരത്തിൽ പ്രായഭേദമന്യേ ആണും പെണ്ണും പങ്കെടുക്കും. ഇന്ന് ക്ലബുകാർ ആണ് ഓണം നടത്തുന്നത്. അവർ സംഘടിപ്പിക്കുന്ന മത്സരങ്ങൾ മാത്രമായി ഓണം ചുരുങ്ങി. രൂപയുണ്ടാക്കാനുള്ള വിപണികളാണ് ഇന്ന് ഓണത്തെ നിയന്ത്രിക്കുന്നത്. പൂക്കളും സദ്യയും വസ്ത്രങ്ങളുമെല്ലാം താൽപര്യങ്ങൾ അനുസരിച്ച് നമ്മുടെ മുമ്പിലെത്തുകയാണ്. വീട്ടിൽ ചെയ്ത ശർക്കര വരട്ടിയും ഉപ്പേരിയും പലഹാരങ്ങളുമെല്ലാം ഇന്ന് പാക്കറ്റുകളിൽ ലഭ്യമാണ്. എല്ലാ ദിവസവും സദ്യയാണ് ഇപ്പോൾ. കാത്തിരുന്ന് കിട്ടുന്ന സദ്യയുടെ രുചിയാണ് ഓണം ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുക.