
കോന്നി : 2019ൽ മലയിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായ കോന്നി പൊന്തനാംകുഴി ഐ.എച്ച്.ആർ.ഡി കോളനിയിലെ താമസക്കാർ ഭീതിയിൽ. സംഭവത്തെ തുടർന്ന് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ ഇൗ പ്രദേശം വാസയോഗ്യമല്ലെന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊന്തനാംകുഴിയിലെ 32 കുടുംബങ്ങൾക്ക് വീടിനും വസ്തുവിനുമായി സർക്കാർ പത്ത് ലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു. ആനത്താവളത്തിന് എതിർഭാഗത്താണ് പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനി. കോളനിയിലെ പലർക്കും വസ്തുവിനും വീടിനുമായി പണം നൽകിയെങ്കിലും മിക്ക കുടുംബങ്ങളും ഇപ്പോഴും കോളനിയിൽ തന്നെയാണ് താമസം. ചരിവുള്ളതും പാറകൾ നിറഞ്ഞതുമായ പ്രദേശത്താണ് കോളനി. കനത്തമഴയിൽ ഇവിടെ മണ്ണിടിച്ചിലുണ്ടാകാനുള്ള സാദ്ധ്യത ഏറയാണ്. മുൻപ് ശക്തമായ മഴ വരുമ്പോൾ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുമായിരുന്നു. അടൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ എന്നിവരടങ്ങുന്ന സംഘം നടത്തിയ സംയുക്ത പരിശോധനയെ തുടർന്ന് 32 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്നും മലയുടെ മുകളിലായി നീളത്തിൽ വിള്ളലുകൾ രൂപപ്പെട്ട ഭാഗത്തിന് താഴെയായി അഞ്ച് കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും ഇവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇൗ കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിനായി 10 ലക്ഷം രൂപ വീതം അനുവദിക്കുന്നതിന് അനുമതി തേടി ജില്ലാ കളക്ടർ സർക്കാരിനു റിപ്പോർട്ട് നൽകുകയായിരുന്നു. ഇതേ തുടർന്നാണ് വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും വസ്തുവാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ വീതം അനുവദിക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയത്.