children
കവിയൂർ കെ.എൻ.എം. സ്‌കൂളിൽ പ്രവേശനം നേടിയ കരുണും കൃഷ്ണയും അദ്ധ്യാപകരോടൊപ്പം

തിരുവല്ല: ഭാഷ അറിയാത്തതിന്റെ പേരിൽ സ്‌കൂൾ പ്രവേശനം മുടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ അവസരമായി. ലോട്ടറി കച്ചവടം നടത്തുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ ദീപക് - ബിന്ദു ദമ്പതികളുടെ കുട്ടികൾക്കാണ് കവിയൂർ കെ.എൻ.എം.സ്‌കൂളിൽ പ്രവേശനം ലഭിച്ചത്. കുട്ടികളെ പഠിപ്പിക്കാനായി പലയിടത്തും സ്‌കൂൾ അന്വേഷിച്ചു നടന്നെങ്കിലും ഹിന്ദി മാത്രമേ അറിയൂ എന്ന കാരണത്താൽ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ മല്ലപ്പള്ളി ബി.ആർ.സി.യിലെ ബി.പി.സിയുടെ ചുമതലയുള്ള വി.അമ്പിളിയും കോർഡിനേറ്റർ വി.പി.പരമേശ്വരൻ പോറ്റിയും കുട്ടികളെ സന്ദർശിച്ചശേഷം സ്കൂളിൽ പ്രവേശനത്തിന് വഴിയൊരുക്കി. തുടർന്ന് സ്‌കൂൾ പ്രഥമാദ്ധ്യാപിക അനു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ മക്കളായ കരുൺ സോങ്കറിന് നാലാം ക്ലാസിലും കൃഷ്ണ സോങ്കറിന് ഒന്നാം ക്ലാസിലും അഡ്മിഷൻ നൽകി.