ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം വടക്കുംഭാഗം കല്ലാർക്കാട് പുത്തൻവീട്ടിൽ ചോളൈരാജ് (60)നാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9ന് കല്ലിശേരിയിലാണ് അപകടം. ടെക്സ്റ്റയിൽ ജീവനക്കാരനായ ഇയാൾ പരശുറാം എക്സ് പ്രസ് ട്രെയിനിൽ കൊല്ലത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ഛർദ്ദിക്കാൻ തോന്നിയപ്പോഴാണ് വാതിലിന് സമീപത്ത് എത്തിയതെന്നും പുറത്തേക്ക് വീഴുകയായിരുന്നെന്നും ചോളൈരാജ് പറഞ്ഞു. ചെങ്ങന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്.