ചെങ്ങന്നൂർ: തുടർച്ചയായ മഴയും കിഴക്കൻ വെളളത്തിന്റെ വരവും ശക്തമായതോടെ ചെങ്ങന്നൂർ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിത്തുടങ്ങി. ഇതേ തുടർന്ന് ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും തിരുവൻവണ്ടൂർ പഞ്ചായത്തിലും രണ്ട് ക്യാമ്പുകൾ ആരംഭിച്ചു. നഗരസഭയിലെ കീഴ്ച്ചേരിമേൽ ജെ.ബി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ 11 പേരും തിരുവൻവണ്ടൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നാലുകുടുംബങ്ങളിലെ 16 പേരുമാണ് കഴിയുന്നത്. രണ്ടു ക്യാമ്പുകളിലുമായി 10കുട്ടികളും നാല് പ്രായമായവർ ഉൾപ്പെടെ 27 പേരാണ് ഉളളത്. മഴ തുടർന്നാൽ താലൂക്കിൽ കൂടുതൽ ക്യമ്പുകൾ തുറക്കേണ്ടിവരും. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്തമഴ പമ്പ - അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. താലൂക്ക് അതിർത്തിയിലൂടെ ഒഴുകുന്ന നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തീരവാസികളെ ആശങ്കയിലാഴ്ത്തി. മഹാപ്രളയത്തിനുശേഷം അടിക്കടി ഉണ്ടാകുന്ന വെളളപ്പൊക്കം ജനങ്ങളേയും കർഷകരേയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. ഓണവിപണി ലക്ഷ്യംവച്ച് കൃഷി ഇറക്കിയ കർഷകർക്കും തുടർച്ചയായി പെയ്യുന്ന മഴ പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ട്. ഇഞ്ചി, കപ്പ, ചേന, ചേമ്പ് തുടങ്ങി കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്ത കർഷകർക്കാണ് മഴ മൂലം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്.