തിരുവല്ല: നഗരത്തിലെ ധർമ്മൂസ് ഫിഷ്മാർട്ട് പരിസരത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ ആക്രമിസംഘം അടിച്ചു തകർത്തു. രണ്ട് ജീവനക്കാർക്ക് മർദ്ദനമേറ്റു. ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം. ഫിഷ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തകർക്കപ്പെട്ടത്. ഫിഷ് മാർട്ടിന് സമീപത്ത് നിർമ്മാണം പുരോഗമിക്കുന്ന ഫ്ളാറ്റിന് മുന്നിൽവച്ച് പ്രദേശവാസികളായ പത്തംഗ സംഘം നിർമ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചു. ബഹളംകേട്ട് പുറത്തേക്കിറങ്ങിയ ഫിഷ് മാർട്ടിലെ ജീവനക്കാരെ ഓടിയെത്തിയ അക്രമികൾ മർദ്ദിക്കുകയായിരുന്നു. ജീവനക്കാർ ഓടി രക്ഷപെട്ടതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ അടിച്ചു തകർത്തത്. സംഭവം സംബന്ധിച്ച് കണ്ടാലറിയാവുന്ന 10 പേർക്കെതിരെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി.