thukku-palam
പൊട്ടിവീഴാറായ പുത്തൻകാവ് - ഇടനാട് തൂക്കുപാലം

ചെങ്ങന്നൂർ : പമ്പാനദിയിലെ പൊട്ടിവീഴാറായ പുത്തൻകാവ് - ഇടനാട് തൂക്കുപാലം പള്ളിയോടങ്ങളുടെ യാത്രകൾക്ക് ഭീഷണിയാകുന്നു. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാനായി പടിഞ്ഞാറൻ മേഖലയിൽ നിന്ന് പള്ളിയോടങ്ങൾ എത്തുന്ന ജലപാതയിലാണ് അപകടം തൂങ്ങിയാടുന്നത്. പാലത്തിന്റെ താഴെയാണ് അത്തിമൂട് കയം. പമ്പയുടെ വീതികുറഞ്ഞതും വളവുള്ളതുമായ ഇൗ ഭാഗത്ത് കുത്തൊഴുക്കാണ്. പള്ളിയോടങ്ങൾ ഏറെ പണിപ്പെട്ടാണ് ഇവിടം കടന്നുപോകുന്നത്. ഇപ്പോൾ ആറൻമുള വള്ളസദ്യയിൽ പങ്കെടുക്കാനായും പള്ളിയോടങ്ങൾ അത്തിമൂട് കയം കടന്നുപോകാറുണ്ട്. തൂക്കുപാലത്തിന്റെ പാെട്ടിയ കമ്പികൾ വെള്ളത്തിലേക്ക് കിടക്കുന്നതും അപകട കാരണമാകുന്നു. പകുതി ഭാഗം ഒടിഞ്ഞ് പമ്പാ നദിയിലേക്ക് തൂങ്ങി നിൽക്കുന്ന പാലം ഉയർത്തുന്ന ഭീതി ചെറുതല്ല. ഇവിടെ പള്ളിയോടങ്ങളുടെ അമരം തട്ടിയാൽ ഉണ്ടാകുന്ന അപകടം ഗുരുതരമായിരിക്കും. മൂന്നാഴ്ച മുൻപ് കോടിയാട്ടുകര പള്ളിയോടം ഇവിടെ അപകടത്തിൽപ്പെട്ടു. പാലത്തിന്റെ താഴേക്ക് നീണ്ടു നിൽക്കുന്ന ഇരുമ്പുകമ്പികളിൽ തട്ടാതിരിക്കാൻ എതിർദിശയിലേക്ക് പള്ളിയോടം തിരിക്കുന്നതിനിടെയാണ് അപകടം. പാലത്തിന്റെ ഇരുമ്പ് പൈപ്പുകൾ 2018ലെ പ്രളയത്തിനു ശേഷം ഒരുവശത്ത് നിന്നു ബന്ധം വിട്ട് താഴേക്ക് തൂങ്ങി നിൽക്കുകയാണ്. ഈ ഭാഗം ഒഴിവാക്കി പോകാനുള്ള ഏകമാർഗം ആദിപമ്പയിലെ വഞ്ഞിപ്പോട്ടിൽ കടവിലൂടെ ആറാട്ടുപുഴയിൽ എത്തുന്നതാണ്. എന്നാൽ ആദിപമ്പയിലെ ഉയരക്കുറവുള്ള ചേലൂർക്കടവ് പാലം കടക്കണമെങ്കിൽ പള്ളിയോടം വെള്ളത്തിൽ മുക്കി മറുവശത്ത് എത്തിക്കേണ്ടിവരും.

കളക്ടർക്ക് പരാതി നൽകി

ഇടനാട് - പുത്തൻകാവ് തൂക്കുപാലം ഉയർത്തുന്ന ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ ചതയം ജലോത്സവ സാംസ്‌കാരിക സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി. ദുരന്തസാദ്ധ്യത ഒഴിവാക്കി ഉത്രട്ടാതി ജലോത്സവം കോട്ടംതട്ടാത്ത വിധത്തിൽ നടത്തിക്കൊണ്ട് പോകുന്നതിന് അടിയന്തരമായി കളക്ടറുടെ ഇടപെടലുകളുണ്ടാകണമെന്ന് ചെയർമാൻ എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറി കെ.ആർ.പ്രഭാകരൻ നായർ ബോധിനി, ജനറൽ കൺവീനർ അജി ആർ. നായർ എന്നിവർ ആവശ്യപ്പെട്ടു.

ഇടനാട് - പുത്തൻകാവ് തൂക്കുപാലം

ചെങ്ങന്നൂരിൽ നിന്ന് മൂന്നു കിലോമീറ്റർ കിഴക്ക് മാറി പുത്തൻകാവിനെയും ഇടനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു.