പന്തളം : പന്തളത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുടിയൂർക്കോണം നാഥനടി കളത്തിനു സമീപം ചിറ്റിലപ്പാടത്ത് വെള്ളം കയറി. നാഥനടിയിൽ രാധാമണിയുടെ വീട്ടിൽ വെള്ളം കയറി . ഇവരെ സമീപത്തുള്ള വീട്ടിലേക്ക് മാറ്റി . നാഥനടി കളത്തിലെ 9 കുടുംബങ്ങൾക്ക് 2018ലെ പ്രളയത്തിൽ ഉൾപ്പടെ 7 തവണയാണ് വെള്ളപ്പൊക്കം കാരണം വീടൊഴിയേണ്ടി വന്നത്. അച്ചൻകോവിലാറിന്റെ തീരമിടിച്ചിലാണ് മറ്റൊരു ഭീഷണി. മിക്ക കടവുകളും തകർന്ന നിലയിലാണ്. തീരവും കടവുകളും സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കാനായില്ല.വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാരും നഗരസഭയും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ വകയിരുത്തിയത് 5 ലക്ഷം രൂപയാണ്. പക്ഷേ നടപടി ഉണ്ടായില്ല. മുടിയൂർക്കോണം, ചേരിക്കൽ, തോട്ടക്കോണം, മങ്ങാരം, തോന്നല്ലൂർ, കടയ്ക്കാട്, പൂഴിക്കാട് മേഖലകളാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കടുത്ത ദുരിതം നേരിട്ടത്. സ്കൂളുകളിൽ പരീക്ഷ നടക്കുന്ന തി നാൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിൽ അനിശ്ചിതത്വം ഉണ്ട്.