photo
തകർച്ചയിലായ പവിത്രേശ്വരം- കുഴക്കാട് റോഡ്

പുത്തൂർ: മെറ്റലും വലിയ പാറച്ചീളുകളും നിറഞ്ഞ റോഡ്. ഇടക്ക് കുഴികളും കയറ്റിറക്കങ്ങളും. അപകടമൊഴിഞ്ഞ ദിനങ്ങളുമില്ല. പവിത്രേശ്വരം- കുഴയ്ക്കാട് റോഡിന്റെ ഈ ദുരിതാവസ്ഥ തുടങ്ങിയിട്ട് വർഷങ്ങളായി. ചെറിയ വാഹനങ്ങളെല്ലാം സാഹസികമായിട്ടാണ് ഇതുവഴി പോകുന്നത്. ഓട്ടോകൾ ഓട്ടം വിളിച്ചാൽ വരാറില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രതിഷേധങ്ങൾ ആര് കാണാൻ ?

എത്ര പ്രതിഷേധങ്ങൾ നടത്തിയിട്ടും റോഡിന്റെ ഗതികേട് മാറിയില്ല. റോഡ് നവീകരണത്തിനായി വെട്ടിപ്പൊളിച്ചതാണ്. പാറക്വാറിയിലെ മണ്ണും മെറ്റലും ഇവിടെ നിരത്തിയത് കൂനിൻമേൽ കുരുവായി. നിർമ്മാണ ജോലികൾ പിന്നെ നടന്നതുമില്ല, നാടിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയുമായി. പവിത്രേശ്വരം ജംഗ്ഷനോട് ചേരുന്ന ഭാഗത്താണ് റോഡിന്റെ കൂടുതൽ ദുരിതാവസ്ഥ. തകർന്ന് തരിപ്പണമായ ഇവിടെ അപകടങ്ങൾ പതിവാണ്. പവിത്രേശ്വരം ജംഗ്ഷനിൽ നിന്ന് പുത്തൂർ- മാറനാട് റോഡിലെ കുഴയ്ക്കാട് ഭാഗത്ത് എത്തിച്ചേരുന്ന റോഡാണിത്.

ടാറിംഗിന്റെ പൊടിപോലുമില്ല

പതിറ്റാണ്ടുകൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിൽ ഇപ്പോൾ ടാറിംഗിന്റെ പൊടിപോലുമില്ല. പവിത്രേശ്വരം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന 200 മീറ്റർ ഭാഗത്താണ് കൂടുതൽ ദുരിതവും അപകടാവസ്ഥയും. മെറ്റലുകൾ ഇളകിത്തെറിച്ചത് അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്നതാണ് റോഡ്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ദുരിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ അധികൃതർ ഇടപെടുന്നില്ല.