 
കൊല്ലം: പള്ളിമുക്ക് മീറ്റർ കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാൻ പദ്ധതിയുമായി കിൻഫ്ര. നാല് നിലകളിലായി ഏകദേശം ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി മീറ്റർ കമ്പിനിയുടെ 96 സെന്റ് ഭൂമി ആവശ്യപ്പെട്ട് കിൻഫ്ര വ്യവസായ വകുപ്പിന് അപേക്ഷ നൽകി.
സംരംഭകർക്ക് സമയച്ചെലവില്ലാതെ വ്യവസായം തുടങ്ങാനുള്ള സൗകര്യമാണ് ഡിസൈൻ ഫാക്ടറിയിലൂടെ കിൻഫ്ര ലക്ഷ്യമിടുന്നത്. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ കെട്ടിട സൗകര്യം, റോഡ്, കുടിവെള്ളം, മുടക്കമില്ലാതെ വൈദ്യുതി, പാസഞ്ചർ, കാർഗോ ലിഫ്റ്റ്, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവ ഉണ്ടാകും. ഏകജാലക സംവിധാനം വഴി വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഇടപെടലും കിൻഫ്രയുടെ ഭാഗത്ത് നിന്നുണ്ടാകും. കുറഞ്ഞത് 50 യൂണിറ്റുകൾക്കെങ്കിലും സൗകര്യം ലഭിക്കാനാണ് സാദ്ധ്യത. ഇതിലൂടെ കുറഞ്ഞത് ആയിരം പേർക്കെങ്കിലും ഘട്ടംഘട്ടമായി തൊഴിൽ ലഭിക്കും. നിശ്ചിത കാലത്തേയ്ക്കാകും സംരംഭകർക്ക് സ്ഥലം വിട്ടുനൽകുക.
ഐ.ടി പാർക്കിന് സാദ്ധ്യത
കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഐ.ടി ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള ഐ.ടി പാർക്കായി ഡിസൈൻ ഫാക്ടറി മാറാനും സാദ്ധ്യതയുണ്ട്. ഇവിടത്തെ സൗകര്യങ്ങൾ ഏതെങ്കിലും പ്രത്യേക സംരംഭകർക്കായി വിട്ടുനൽകണമോയെന്ന കാര്യത്തിൽ കിൻഫ്ര തീരുമാനമെടുത്തിട്ടില്ല.
വ്യവസായ വകുപ്പായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒരുപക്ഷെ എല്ലാത്തരം സംരംഭങ്ങൾക്കും സ്ഥലം അനുവദിക്കാനും സാദ്ധ്യതയുണ്ട്.
മീറ്റർ കമ്പനിയുടെ ഉടമസ്ഥതയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്ലാന്റ് സ്ഥാപിക്കാനും നിർവഹണ ഏജൻസി വ്യവസായ വകുപ്പിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു പദ്ധതികളുടെയും കാര്യത്തിൽ വ്യവസായവകുപ്പ് വൈകാതെ തീരുമാനമെടുത്തേക്കും.