
കൊല്ലം: കൃഷി പരിപോഷിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി പരാജയപ്പെട്ട കൃഷി വകുപ്പ് സെൽഫി മാമാങ്കത്തിനൊരുങ്ങുന്നു.
കാർഷക ദിനത്തിലാണ് സെൽഫി മാമാങ്കം അരങ്ങേറുന്നത്.
ഓരോ പഞ്ചായത്തിലെയും എല്ലാ വാർഡുകളിലും പുതിയ കൃഷിയിടം കണ്ടെത്തി ഉദ്‌ഘാടനം നടത്തണമെന്നും അതിന്റെ സെൽഫിയോ വീഡിയോ എടുത്ത് നൽകണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് സർക്കുലറിലൂടെ ഡയറക്ടർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഓരോ കൃഷി ഓഫീസിനും ഉദ്‌ഘാടന പരിപാടികൾക്കായി പരമാവധി 5000 രൂപ ചെലവഴിക്കാമെന്നും സർക്കുലറിൽ പറയുന്നു. ഈ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്ന കൃഷിഓഫീസർമാർ, അധികം ചെലവാകുന്ന തുക കൈയിൽ നിന്ന് കണ്ടത്തേണ്ടിവരും. ജനപ്രതിനിധികളുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം നടത്തണമെന്ന് പറയുന്ന വകുപ്പ് അധികൃതർ, കർഷകരുടെ സൗകര്യവും ക്ഷേമവും അന്വേഷിക്കുന്നില്ലെന്ന് മാത്രമല്ല കർഷക ദിനത്തിൽ അവരെ ആദരിക്കുന്ന ചടങ്ങുകൾക്കും കടിഞ്ഞാണിട്ടിട്ടുണ്ട്. ഉദ്‌ഘാടനത്തിന് നിർദ്ദേശം നൽകിയെങ്കിലും തുടർ പ്രവർത്തനങ്ങളെക്കുറിച്ചാ, അതിന്റെ പരിപാലനത്തെക്കുറിച്ചോ യാതൊന്നും ഉത്തരവിൽ പറയുന്നില്ല. കേവലം ഉദ്‌ഘാടനത്തിനപ്പുറം മറ്റൊന്നും നടത്തേണ്ടതില്ലെന്ന് പറയാതെ പറയുകയാണ് കൃഷിവകുപ്പ്.
ഉദ്ഘാടനം ഉറപ്പാക്കണം
1. രാവിലെ 7നും 8നുമിടയിൽ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും പുതിയ കൃഷിയിടം കണ്ടെത്തി കൃഷി തുടങ്ങണം
2. പഞ്ചായത്തംഗങ്ങളുടെ മേൽനോട്ടത്തിൽ ഉദ്‌ഘാടനം നടത്തണം
3. ഉദ്‌ഘാടന സെൽഫി ഫോട്ടോ/വീഡിയോ അന്ന് വൈകിട്ട് 3ന് മുമ്പായി കൃഷി ഓഫീസർമാർ വഴി എഫ്.ഐ.ബിക്ക് നൽകണം
4. കൃഷി ഉദ്യോഗസ്ഥർ നേതൃത്വം നൽകേണ്ടതും യഥാസമയം പുതിയ കൃഷിയിടം ഉദ്ഘാടനം ഉറപ്പുവരുത്തുകയും വേണം
5. കൃഷി ഓഫീസർ കൺവീനറായി സ്വാഗതസംഘം രൂപീകരിക്കണം
5000 ന് എന്തൊക്കെ ചെയ്യണം!
1. കർഷകദിനത്തിൽ കൃഷിഭവനുകൾ അലങ്കരിക്കണം
2. പുതിയ കൃഷിയിടത്തിൽ കൃഷികാവശ്യമുള്ളവ കണ്ടെത്തണം
3. സമകാലിക പ്രാധാന്യമുള്ള കാർഷിക വിഷയത്തിൽ സെമിനാർ
4. ഉദ്‌ഘാടനത്തിന് ശേഷം പഞ്ചായത്തുതല പൊതുയോഗം
5. ഫാം ഇൻഫർമേഷൻ ബ്യുറോ രൂപകൽപ്പന ചെയ്ത് നൽകുന്ന ബാനറിന്റെ മാതൃക പ്രിന്റ് ചെയ്ത് പ്രദർശിപ്പിക്കണം
6. കൃഷി മന്ത്റിയുടെ 'കൃഷിദർശൻ' പരിപാടിയെക്കുറിച്ച് കർഷകദിനത്തിൽ വ്യാപകമായ പരസ്യം നൽകണം
7. കൃഷിദർശൻ പരിപാടിയുടെ പ്രചരണാർത്ഥം ഓരോ വാർഡിൽ നിന്ന്
എല്ലാ കൃഷിക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് വിളംബര ജാഥ നടത്തണം
8. മുതിർന്ന കർഷകർ, ജൈവകൃഷി അവലംബിക്കുന്നവർ, മികച്ച കർഷക, വിദ്യാർത്ഥി കർഷകർ, പട്ടിക വിഭാഗത്തിലുള്ള കർഷകർ എന്നിവരെ ആദരിക്കണം