 
കൊട്ടാരക്കര: നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായി. കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഹൈടെക് നിർമ്മാണം തുടങ്ങിയില്ല. മഴക്കാലമായതോടെ സ്റ്റാൻഡും പരിസരവും കൂടുതൽ ദുരിതത്തിലായി. കഴിഞ്ഞ മാർച്ച് 12ന് മന്ത്രി കെ.എൻ.ബാലഗോപാലാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. സ്റ്റാൻഡ് നവീകരണത്തിനായി 75 ലക്ഷം രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചത്. ഹൈടെക് വികസനമാണ് ലക്ഷ്യമിട്ടത്. ബസുകളുടെ പാർക്കിംഗ് സ്ഥലം, കാത്തിരിപ്പ് കേന്ദ്രം, കോഫി ഷോപ്പ്, ടൊയ്ലറ്റ് സംവിധാനം, മുലയൂട്ടൽ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, കിയോസ്ക്, നടപ്പാത, പ്രവേശന കവാടം, ടാക്സി സ്റ്റാൻഡ് എന്നിവയടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തുവാനാണ് ലക്ഷ്യമിട്ടത്. എന്നാൽ നിർമ്മാണോദ്ഘാടനം നടത്തിയതല്ലാതെ തുടർ നടപടികളില്ല.
മുന്നണിയിലെ തർക്കം വികസനത്തിന് തടസം
ഇടത് മുന്നണിക്കുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് കൊട്ടാരക്കരയിലെ പല വികസന പദ്ധതികളെയും സ്തംഭിപ്പിക്കുന്നത്. കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജുവാണ് നഗരസഭയുടെ ചെയർമാൻ. ആറ് മാസം കൂടി കഴിയുമ്പോൾ മുന്നണിയിലെ ധാരണയനുസരിച്ച് സി.പി.എമ്മിന് ചെയർമാൻ സ്ഥാനം ലഭിക്കും. അപ്പോൾ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയാൽ മതിയെന്ന് പാർട്ടിക്കുള്ളിലെ ചില ധാരണകളാണ് പദ്ധതികൾക്ക് തടസമാകുന്നത്. താലൂക്ക് ആശുപത്രിയിലെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. ഹൈടെക് ബസ് സ്റ്റാൻഡ്, പൊതു ശ്മശാനം, നഗരസഭ ആസ്ഥാന മന്ദിര നിർമ്മാണം, നഗരസഭ ഷോപ്പിംഗ് കോംപ്ളക്സ്, ചന്തമുക്കിലെ പൊതു മാർക്കറ്റ്, കുടിവെള്ള പദ്ധതികൾ, പുലമൺ മേൽപ്പാലം തുടങ്ങി അനേകം പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്.
വെള്ളക്കെട്ടും ദുരിതങ്ങളും
സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓട നിർമ്മാണം മുടങ്ങിയത് ഇപ്പോഴും യാത്രക്കാർക്കും ബസുകൾക്കും ബുദ്ധിമുട്ടാണ്. പഴയ ഓടയിലെ മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ടിട്ട് ആറുമാസത്തിലേറെയായി. ഇളക്കിയ മൂടികൾ വേണ്ടുംവിധം പുനസ്ഥാപിച്ചിട്ടുമില്ല. പെരുമഴക്കാലമായതോടെ സ്റ്റാൻഡിൽ മഴ നനയാതെ നിൽക്കുവാനും ഇടമില്ലാതെ യാത്രക്കാർ വലയുന്നു. വെള്ളക്കെട്ടും ദുരിതങ്ങളും വേറെയുമുണ്ട്. ദിവസവും നൂറുകണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി മാറുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്.