ആഗസ്റ്റ് 5ന് കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ 
 രാവിലെ 9ന് രജിസ്ട്രേഷൻ, 10ന് കരിയർ ഗൈഡൻസ് ക്ളാസ്
കൊല്ലം: ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാർത്ഥികളെ കേരളകൗമുദിയും എൻജിനിയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് രംഗത്ത് സ്വപ്നവിജയം സമ്മാനിക്കുന്ന സഫയർ ഗ്രൂപ്പും പ്രമുഖ ധനകാര്യ സ്ഥാപനമായ ആർ.പി ബാങ്കേഴ്സും ചേർന്ന് ആദരിക്കുന്നു.
ആഗസ്റ്റ് 5ന് കൊല്ലം കർബല ജംഗ്ഷനിലെ എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലാണ് ആദരവ് ചടങ്ങ്. രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. നിലവിൽ ഇ- മെയിൽ മുഖാന്തിരം അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ 9 മണിക്കെത്തി പേര് രജിസ്റ്റർ ചെയ്യണം. കൃത്യം പത്തുമണിക്ക് സഫയർ ഫ്യൂച്ചർ അക്കാഡമി സി.ഇ.ഒ ടി. സുരേഷ് കുമാർ (പി.എസ്.കെ), ചീഫ് മെന്റർ യഹിയ.പി.അമയം, അക്കാഡമിക് ഡയറക്ടർ ഡോ. ജോൺ.ജെ.ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ക്ളാസ് തുടങ്ങും. 11ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് ആദരവ്. യോഗ്യരായവർ പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോൺ നമ്പർ ഉൾപ്പടെയുള്ള വിലാസം എന്നിവ സഹിതം kaumudiaward.kollam@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മൊമന്റോയും മെഡലും സർട്ടിഫിക്കറ്റുകളും നൽകും.
സ്കൂൾ ടോപ്പർക്ക് അപേക്ഷിക്കാം
സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ വിവിധ വിഭാഗങ്ങളിൽ സ്കൂൾ ടോപ്പറായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും സ്കൂൾ പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റും സഹിതം അവാർഡിന് അപേക്ഷിക്കാം.