azheekal

 തമിഴ്നാട് ബോട്ടുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു

ഓച്ചിറ: ശക്തമായ കാറ്റിലും മഴയിലും കടൽ ഇരമ്പിയാർത്തപ്പോൾ മത്സ്യബന്ധത്തിന് പോയ ബോട്ടുകളിൽ പലതിനും നിലതെറ്റി. കാറ്റിലും തിരയിലും പെട്ട് ആടിയുലഞ്ഞ ബോട്ടുകളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ തെറിച്ചുവീണു.

എറണാകുളത്ത് നിന്നുള്ള ആഗ്നേയ എന്ന ബോട്ട് അഴീക്കൽ ഭാഗത്ത് വച്ച് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 9 തൊഴിലാളികൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് ശേഷമാണ് കടൽ കൂടുതൽ പ്രക്ഷുബ്ധമായത്.

ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ നിന്ന് പോയ വലിയൊരുവിഭാഗം ബോട്ടുകൾ കടൽ പ്രക്ഷുബ്ധമായതോടെ മടങ്ങിയെത്തി. തമിഴ്നാട്ടിൽ നിന്നടക്കമുള്ള ബോട്ടുകളും കൊല്ലം തീരത്ത് അടുപ്പിച്ചു.

രാവിലെ 11

അഴീക്കൽ സ്വദേശിയുടെ ഓംകാരം ലൈലാൻഡ് വള്ളം അഴീക്കൽ പൊഴിമുഖത്തിന് സമീപം തിരയിൽപ്പെട്ട് മുങ്ങി. കടലിൽ വീണ മത്സ്യത്തൊഴിലാളികളായ വാമനൻ ഗംഗത്തറയിൽ, പൊടിയൻ വയലിത്തറയിൽ, മോൻസി കടയിൽ കിഴക്കത്തിൽ, തുഷാർ വാലേൽ, ലാലിഹാൻ പടിഞ്ഞാറെ മത്തശേരിൽ, രാജിമോൻ കടയിൽ കിഴക്കത്തിൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 10 ലക്ഷത്തിന് മുകളിൽ നഷ്ടമുണ്ടായി. വല കരയ്ക്ക്‌ എത്തിച്ചിട്ടുണ്ട്, വള്ളം മുങ്ങിപ്പോയി. മകരബത്സ്യം, തറവാട്, വീനസ്, ശിവഷൈലം, വൈഷ്ണവം എന്നീ വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

വൈകിട്ട് 3.30

നീണ്ടകര അഴിമുഖത്ത് കുളച്ചൽ സ്വദേശി ആന്റോയുടെ ഉടമസ്ഥതയിലുള്ള സൺമൂൺ എന്ന കൊല്ലം രജിസ്ട്രേഷൻ ബോട്ട് ചരിഞ്ഞു. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ആകാശ് കടലിൽ വീണു. മറ്റ് മത്സ്യത്തൊഴിലാളികൾ വടം എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തി. പുലിമുട്ടിന് ഉള്ളിലായത് കൊണ്ടാണ് രക്ഷപെടുത്താനായത്.

വൈകിട്ട് 4

ചേറ്റുവ സ്വദേശിയുടെ ബിലാൽ എന്ന ബോട്ട് അഴീക്കൽ പൊഴിമുഖത്ത് ഒരു കിലോമീറ്റർ അകലെ വച്ച് തിരയിൽ ആടിയുലഞ്ഞു. ഇതിനിടയിൽ ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളിൽ മൂന്നുപേർ കടലിൽ വീണു. നീണ്ടകര സ്വദേശികളായ ജോൺ ജോസഫ്, ആകാശ്, രാജൻ എന്നിവരാണ് അപകടത്തിൽപെട്ടത്. ആകാശും രാജനും പുലിമുട്ടിലേക്ക് നീന്തിക്കയറി. നീന്തി ബീച്ചിലെത്തിയ ജോൺജേക്കബിനെ ലൈഫ് ഗാർഡ് അനിൽകുമാറും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അഴീക്കൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബിലാൽ ബോട്ട് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വൈകിട്ട് 5.45

എറണാകുളത്ത് നിന്നുള്ള ആഗ്നേയ എന്ന ബോട്ട് വൈകിട്ട് 5.45 ഓടെ അഴീക്കലിന് സമീപം പൂർണമായും കടലിൽ മുങ്ങി. തിരയിൽപ്പെട്ട ഒൻപത് മത്സ്യത്തൊഴിലാളികളും സ്വയം നീന്തി കരയിൽ കയറി.

വൈകിട്ട് 6

കാറ്റിൽപ്പെട്ട് ആടിയുലഞ്ഞ ആലപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശങ്കരൻ എന്ന ബോട്ടിൽ നിന്ന് വിഴിഞ്ഞം സ്വദേശിയായ അടിമ എന്ന മത്സ്യത്തൊഴിലാളി കടലിൽ തെറിച്ചുവീണു. കോസ്റ്റൽ പൊലീസിന്റെ യോദ്ധ പട്രോളിംഗ് ബോട്ടെത്തി രക്ഷപ്പെടുത്തി.

ഇന്നലെ രാത്രി 7

അഴീക്കൽ പൊഴിമുഖത്തിന് സമീപം കനത്ത തിരയിൽപെട്ട് ആടിയുലഞ്ഞ അമൃതവൺ എന്ന ബോട്ടിലെ തൊഴിലാളിയായ ശരവണന്റെ കൈ ഒടിഞ്ഞു.