കരുനാഗപ്പള്ളി: തോരാമഴയിലും കാറ്റിലും ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ കടലാക്രമണം ശക്തമായി. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കടലാക്രമണം രാത്രിയിലും തുടരുകയാണ്. കടലിൽ നിന്ന് ശക്തമായി കരയിലേക്ക് വീശുന്ന ശീതക്കാറ്റും ജനജീവിതം ദുസഹമാക്കി. കൂറ്റൻ തിരമാലകൾ തീരത്തേക്ക് അടിച്ച് കയറിയതിനെ തുടർന്ന് നിരവിധി വീടുകളിൽ വെള്ളം കയറി. നാട്ടുകാർ സുരിക്ഷത സ്ഥലങ്ങളിലേക്ക് മാറി. മണൽചാക്കുകൾ അടുക്കി തിരമാലകളെ തടഞ്ഞ് നിറുത്താനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. തിരമാലകൾക്കൊപ്പം കരയിലേക്ക് അടിച്ച് കയറുന്ന കരിമണലാണ് നാട്ടുകാർക്ക് വിനയാകുന്നത്.
ബോട്ടുകളും വള്ളങ്ങളും തിരിച്ചെത്തി
വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത്, ചെറിയഴീക്കൽ ആലപ്പാട്, കുഴിത്തുറ, പറയകടവ്, ആഴീക്കൽ, ജയന്തി കോളനി, കഴുകൻതുരുത്ത് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രണം ഉണ്ടായത്. കടൽ ഭിത്തികൾ ദുർബലമായ ഭാഗങ്ങളിലാണ് തിരമാലകൾ നാശം വിതച്ചത്. ഗ്രാമപഞ്ചായത്തിൽ ഉടനീളം കടൽ ഭിത്തികൾ തകർന്ന് കിടക്കുകയാണ്. വീശിയടിക്കുന്ന കാറ്റിനെ തുടർന്ന് കടലിൽ പോയ ബോട്ടുകളും വള്ളങ്ങളും തിരികെ ഹാർബറിൽ എത്തി നങ്കൂരമിട്ടു. ഹാർബറിലേക്ക് വരുന്നതിനിടയിൽ ബോട്ടിൽ നിന്ന് കടലിലേക്ക് തെറിച്ച് വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ ലൈഫ് ഗാർഡ് അനിൽകുമാർ രക്ഷപ്പെടുത്തി.
കൺട്രോൾ റൂം തുറന്നു
തോരാതെ പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടായി മാറി. കായലുകളിലും തഴത്തോടുകളിലും ജലനിരപ്പ് ഉയർന്നു. വീശിയടിക്കുന്ന കാറ്റിൽ ഉൾപ്രദേശങ്ങളിൽ മരങ്ങൾ പിഴുതു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡുവക്കിൽ നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റിയതിത് യാത്രക്കാർക്ക് ആശ്വാസമായി. മഴയും കാറ്റും ശക്തമായതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.