water

 ടെണ്ടർ രണ്ട് മാസത്തിനുള്ളിൽ

കൊല്ലം: ജില്ലയിലെ അഞ്ച് നഗരസഭകൾ അമൃത് 2.0 ൽ ഉൾപ്പെടുത്തി നടപ്പാക്കാൻ തയ്യാറാക്കിയ 273.137 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ രണ്ട് മാസത്തിനകം ടെണ്ടർ ചെയ്യും. അഞ്ച് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.

നഗരസഭകൾ സമർപ്പിച്ച പദ്ധതി സംസ്ഥാന അമൃത് ഉന്നതാധികാര സമിതി അംഗീകരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ചേരുന്ന കേന്ദ്ര ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഡി.പി.ആർ തയ്യാറാക്കലിലേക്ക് കടക്കാം. അതിന് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അനുമതി വാങ്ങി ടെണ്ടർ ചെയ്യാം. പുതിയ കുടിവെള്ള സ്ത്രോതസുകളുടെ നിർമ്മാണം, വിതരണ പൈപ്പ് ലൈനുകൾ, സംഭരണ ടാങ്കുകൾ, ഗാർഹിക കുടിവെള്ള കണക്ഷനുകൾ എന്നിവയാണ് പദ്ധതിയിലുള്ളത്. ജനസംഖ്യാനുപാതികമായിട്ടാകും തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര വിഹിതം ലഭിക്കുക. പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചാൽ കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ പണം അനുവദിക്കാനും സാദ്ധ്യതയുണ്ട്.

ആദ്യമായാണ് ജില്ലയിലെ മുനിസിപ്പാലിറ്റികൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുന്നത്. കൊല്ലം കോർപ്പറേഷൻ കുടിവെള്ള പദ്ധതിക്ക് പുറമേ 69.57 കോടിയുടെ മലിനജല സംസ്കരണ പദ്ധതിയും അമൃത് 2.0ലേക്ക് സമർപ്പിച്ചിട്ടുണ്ട്.

നഗരസഭയും പദ്ധതി തുകയും

കൊല്ലം കോർപ്പറേഷൻ - ₹ 227.13 കോടി

കരുനാഗപ്പള്ളി - ₹ 13.614 കോടി

പുനലൂർ - ₹ 8.771 കോടി

കൊട്ടാരക്കര - ₹ 10.529 കോടി

പരവൂർ - ₹ 13.093 കോടി