ചവറ: കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പാർലമെന്റ് മാർച്ച് നടത്തി. ചവറയിലെ കെ.എം.എം.എൽ, വേളിയിലെ ടി.ടി.പി.എൽ, കൊല്ലത്തെ ഐ.ആർ.ഇ.എൽ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് പാർലമെന്റ് മാർച്ച് നടത്തിയത്. മാർച്ചിന്റെ ഉദ്ഘാടനം എളമരം കരീം എം.പി നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ സ്വാഗതം പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയനുകളുടെയും ഓഫീസേഴ്‌സ് അസോസിയേഷനുകളുടെയും നേതൃത്വത്തിലുള്ള കരിമണൽ ഖനന സ്വകാര്യ വത്ക്കരണ വിരുദ്ധസമിതിയാണ് മാർച്ച് സംഘടിപ്പിച്ചത്. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബിനോയ് വിശ്വം , ഇ.ടി. മുഹമ്മദ് ബഷീർ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ കെ.സുരേഷ് ബാബു, ഡേറിയസ് ഡിക്രൂസ്, ഡെന്നി സുദേവൻ, ആർ. ശ്രീജിത്ത്, ജെ. മനോജ് മോൻ, ജി. ഗോപകുമാർ, എസ്.സന്തോഷ്, സന്തോഷ് കുമാർ, ഫെലിക്‌സ്, സംഗീത് സാലി , ഒഫീസേഴ്‌സ് സംഘടനാ നേതാക്കളായ സി.ഡി.മാത്യൂ,എം.അനീഷ് തുടങ്ങിയവർ നേതൃത്വംനൽകി.