road
മഴയിൽ കുളമായ അയത്തിൽ ചെമ്മാമുക്ക് റോഡ്

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളിലൂടെയുള്ള യാത്ര കനത്ത മഴയെ തുടർന്ന് കൂടുതൽ ദുഷ്ക്കരവും

അപകടകരവുമായി. കനത്ത മഴയിൽ വെള്ളക്കെട്ടായ റോഡുകളിൽ ചരൽ നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവായി. വേഗത്തിലെത്തുന്ന കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നുണ്ട്. കുഴിയിൽ പതിച്ചും ചരലിൽ തെന്നിവീണും നിരവധിപേർക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ആർക്കും കാര്യമായി പരിക്കേറ്റില്ലെങ്കിലും വൻ അപകട സാദ്ധ്യത ഒളിഞ്ഞിരിക്കുന്നുവെന്ന സൂചനയാണ് റോഡുകൾ നൽകുന്നത്.

റോഡിൽ ജീവൻ പൊലിയുന്നവരുടെ കണക്ക് മാത്രമാണ് പുറത്തറിയുന്നത്. എന്നാൽ,​ ചെറുതും വലുതുമായ പരിക്കേ​റ്റ് ചികിത്സയിൽ കഴിയുന്നവരുടെ കൃത്യമായ കണക്ക് പൊലീസിന്റെ കൈയിൽ പോലും ഉണ്ടെന്ന് തോന്നുന്നില്ല.

മരിക്കുന്നവരുടെ പത്തും ഇരുപതും ഇരട്ടിയിലധികം പേർക്ക് പരിക്കേൽക്കുന്നുണ്ട്. റോഡുകൾ പൂർണമായി പുനർനിർമ്മിക്കുന്നതുവരെ കാത്തുനിൽക്കാതെ കുഴികൾ അടയ്ക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടെങ്കിലും തൊടു ന്യായങ്ങൾ പറഞ്ഞ് അധികൃതർ കൈയൊഴിയുകയാണ്.

മഴശക്തമായി തുടരുന്നതിനാൽ വെള്ളക്കെട്ട് സാദ്ധ്യത കണക്കിലെടുത്ത്

അപകടപരമ്പര ഉണ്ടാകുമെന്ന മുന്നറിയിപ്പും കോർപ്പറേഷൻ അധികൃതർ അറിഞ്ഞമട്ടില്ല. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് തടസമായി നിരവധി കാരണങ്ങൾ നിരത്തിയ കോർപ്പറേഷന്,​ ഇപ്പോൾ മഴയിൽ പഴിചാരി തടിയൂരാനാണ് താത്‌പര്യം.

കാൽനടക്കാരും പേടിക്കണം

1. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ചത് മൂന്ന് മാസം മുമ്പ്

2. പൈപ്പിട്ട് മണ്ണുമൂടിയതല്ലാതെ മറ്റു നടപടികളുണ്ടായില്ല

3. കുഴികൾക്ക് മുകളിലിട്ട പരുക്കൻ ചരലുകൾ മഴയിൽ ഇളകി മാറി

4. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നിമാറുന്നു

5. അപകടം സംഭവിക്കുന്നതിലധികവും ഇരുചക്രവാഹനക്കാർക്ക്

6. കാൽനടയാത്രക്കാർക്കും ഭീഷണി

കടുകടുപ്പം റോഡുകൾ

1. അയത്തിൽ- ചെമ്മാൻമുക്ക്

2. കർബല- റെയിൽവേ സ്​റ്റേഷൻ

3. ക്യു.എ.സി

4. ഡി.സി.സി - ബെൻസിഗർ

5. താമരക്കുളം

6. കൊച്ചുപിലാംമൂട്- പള്ളിത്തോട്ടം- കല്ലുപാലം

7. ലക്ഷ്മിനട

8. മുണ്ടയ്ക്കൽ- ബീച്ച്

9. ശക്തികുളങ്ങര-തിരുമുല്ലവാരം (തീരദേശം)