 
പടിഞ്ഞാറെ കല്ലട : കനത്ത മഴ തുടങ്ങി. കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. അതോടെ ഭീതിയിലായിരിക്കുകയാണ് നെൽപ്പുരക്കുന്നിലെ പ്രദേശവാസികൾ. കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ പി.ഡബ്ല്യു.ഡി. റോഡിൽ വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കല്ലടയാറിനോട് ചേർന്നുള്ള റോഡിന് വിള്ളൽ വീണിട്ട് മാസങ്ങളാകുന്നു. ഇതുവരെ റോഡിന് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഏഴുവർഷം മുമ്പ് മഴക്കാലത്ത് കല്ലട ഡാമിന്റെ ഷട്ടർ ഉയർത്തുകയും ആറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെയാണ് ഇവിടെ ആദ്യമായി റോഡ് പിളരുവാൻ തുടങ്ങിയത്. പഞ്ചായത്ത്, റവന്യൂ, പൊലീസ് ,സൈനിക വിഭാഗങ്ങളുടെ സംയോജിതമായ ഇടപെടൽ മൂലം റോഡിന്റെ മറുവശത്തുള്ള നിരവധി കുടുംബങ്ങളാണ് അന്ന് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. 150 ഓളം ലോഡ് പാറയാണ് ഒറ്റ രാത്രിയിൽ ആറ്റിലേക്ക് നിക്ഷേപിച്ച് റോഡ് സംരക്ഷിച്ചത്.
റോഡിന്റെ അടിയിലേക്ക് വിള്ളൽ, വൻ അപകട സാദ്ധ്യത
കേരള കൗമുദി വാർത്തയെയും നാട്ടുകാരുടെ പരാതിയെയും പരിഗണിച്ച് കഴിഞ്ഞമാസം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം ഇവിടം പരിശോധന നടത്തി. റോഡിന്റെ അടിയിലേക്ക് വിള്ളൽ വർദ്ധിച്ചതായും മണ്ണിന് തീരെ അടിയുറപ്പ് ഇല്ലെന്നും കണ്ടെത്തി. വിള്ളൽ ഭാഗം അടിയന്തരമായി വെട്ടിപ്പൊളിച്ച് ബലപ്പെടുത്തിയില്ലെങ്കിൽ വൻ അപകടത്തിന് കാരണമാകുമെന്നും വിദഗ്ധസംഘം വിലയിരുത്തി.എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല.
ഭീഷണിയായി റോഡിലെ വീപ്പകൾ
റോഡിൽ വിള്ളൽ വീണ ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ വേണ്ടി റോഡിൽ വച്ചിരിക്കുന്ന വീപ്പകൾ രാത്രിയിലെ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു.റിഫ്ലെക്റ്റീവ് സ്റ്റിക്കർ വീപ്പയിൽ ഒട്ടിയ്ക്കുകയോ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിയ്ക്കുകയോ ചെയ്തിട്ടില്ല. സ്ഥലപരിചയമില്ലാത്ത യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.