കൊല്ലം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ 15 മുതൽ ഗ്രാമീണ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് ആയിരം ചരിത്ര ക്ലാസുകൾ സംഘടിപ്പിക്കുന്നു.
വിവിധ വിഷയങ്ങളിൽ സംവാദം, സെമിനാർ, പ്രദർശനം, പ്രഭാഷണം എന്നിവയാണ് സംഘടിപ്പിക്കുന്നത്. വിഷയാവതരണം നടത്താൻ റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുത്തു. ഇവർക്കുള്ള ജില്ലാതല പരിശീലനം നാളെ രാവിലെ 9.30ന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ നടക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. ചരിത്രകാരനായ കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗങ്ങളായ ഡോ.പി.കെ.ഗോപൻ, എസ്.നാസർ, ജില്ലാ എക്സി. കമ്മിറ്റി അംഗം പി.ഉഷാകുമാരി എന്നിവർ സംസാരിക്കും. എല്ലാ ലൈബ്രറികളിലും 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തും. ഭരണഘടനയുടെ ആമുഖം ലൈബ്രറികളിൽ സ്ഥാപിച്ച് ആഗസ്റ്റ് 15ന് പ്രതിജ്ഞ ചൊല്ലുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.