ചവറ : മണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ന്റെ അലൈൻമെന്റ് സംബന്ധിച്ച് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും കരാർ കമ്പനിയായ വിശ്വസമുദ്ര ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി എം.എൽ.എ ഓഫീസിൽ വച്ച് ചർച്ചകൾ നടത്തി. അവരോടൊപ്പം ദേശീയപാതയിലെ വിവിധ സ്ഥലങ്ങളും സന്ദർശിച്ചു.
കുറ്റിവട്ടം, ഇടപ്പള്ളിക്കോട്ട, ശങ്കരമംഗലം, നല്ലേഴുത്ത്മുക്ക്, ചവറ പാലത്തിന് താഴെകൂടെ, ഫൗണ്ടേഷൻ ആശുപത്രി എന്നീ സ്ഥലങ്ങൾ കൂടി അടിപ്പാത നിർമ്മിക്കാൻ തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശം നൽകി.
കന്നേറ്റിപാലം മുതൽ കാവനാട് ബൈപ്പാസ് വരെ 32 സ്ഥലങ്ങളിൽ റോഡ് ക്രോസ് ചെയ്യുന്ന ഡ്രെയിനേജുകൾ 1.5 മീറ്റർ വീതിയിൽ നിർമ്മിക്കും. റോഡിന്റെ വശങ്ങളിൽ ഓടകളും നിർമ്മിക്കും. നിലവിലുണ്ടായിരുന്ന ഡ്രെയിനേജുകളിൽ വിട്ടുപോയ ഇടപ്പള്ളിക്കോട്ട , കോഞ്ചേരിൽ വെജിറ്റബിൾസിന് തെക്കുവശം, നല്ലേഴുത്ത്മുക്ക് ജി.വി.പ്രസിന് സമീപം എന്നിവ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ഉൾപ്പെടുത്തുകയും ചെയ്തു.
ചവറ പാലത്തിന് സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കും. അടിപ്പാത നിർമ്മിക്കുമ്പോൾ വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധത്തിലാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ശക്തികുളങ്ങര ഹാർബറിന് മുൻവശത്ത്കൂടി ഹാർബറിലേക്കുള്ള റോഡ് വീതികുറഞ്ഞതും ഇടുങ്ങിയതുമാണ്. ഹാർബറിൽനിന്ന് മത്സ്യം കൊണ്ടുവരുന്ന വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെടും. ഇതുമൂലം മത്സ്യത്തൊഴിലാളികളും വ്യാപാരികളും പ്രയാസത്തിലാകും. ഹാർബറിന്റെ വികസനത്തിനായി നടന്നുവരുന്ന 38 കോടിയുടെ കെട്ടിടനിർമ്മാണങ്ങളും അവതാളത്തിലാകും. അതിനായി അധിക സ്ഥലം ഏറ്റെടുക്കുവാൻ ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെടുകയും അതിനായി സർക്കാരിൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്നും എം.എൽ.എ അറിയിച്ചു. ചർച്ചയിൽ എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്, ഡെപ്യൂട്ടി പ്രോജക്ട് മാനേജർ എ.എസ്.റാം, വിശ്വസമുദ്ര കമ്പിനിയെ പ്രതിനിധീകരിച്ച് ബി.വി.ബി.പി രാമയ്യ, വിഷ്ണുസേനൻ എന്നിവരും പങ്കെടുത്തു.