
കൊല്ലം: വീട്ടിനുള്ളിൽ മദ്യപാനം വിലക്കിയ മകനെ കുത്തി പരിക്കേൽപ്പിച്ച പിതാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള, കമ്പിയിട്ടഴികം, വി.കെ ഭവനിൽ വിപിൻചന്ദ്രനാണ് (64) അറസ്റ്റിലായത്. ജൂലായ് 27ന് രാത്രി 8.30ഓടെ വീട്ടിനുള്ളിൽ മദ്യപിക്കാൻ ശ്രമിച്ചത് വിലക്കിയതിനെ തുടർന്ന് അക്രമാസക്തനായ ഇയാൾ വിജിത്തിന്റെ മുഖത്തേക്ക് പാത്രങ്ങൾ വലിച്ചെറിഞ്ഞും, കൈകൊണ്ട് അടിച്ചും, കത്തി കൊണ്ട് വയറ്റിൽ കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. അവശനിലയിലായ വിജിത്തിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണ് രക്ഷിക്കാനായത്.