കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയി കാറ്റിലും തിരിയിലും പെട്ട് എൻജിൻ തകരാറായി ഉൾക്കടലിൽ അകപ്പെട്ട ബോട്ടും തൊഴിലാളികളെയും കൊല്ലം കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി.

തോട്ടപ്പള്ളി ഭാഗത്ത് ഉൾക്കടലിലാണ് അഴീക്കൽ സ്വദേശി ഭദ്രന്റെ ഉടമസ്ഥതയിലുള്ള വടക്കേതോപ്പിൽ എന്ന ബോട്ട് അകപ്പെട്ടത്. കടൽ പ്രക്ഷുബ്ധമായതിനാൽ കോസ്റ്റൽ പൊലീസ് സംഘത്തിന് ആദ്യം അടുക്കാനായില്ല. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ കപ്പലുമെത്തി. ഇതിനിടെ കോസ്റ്റൽ പൊലീസിന്റെ ബോട്ട് ശക്തമായ തിരകളെ അതിജീവിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പത്ത് തൊഴിലാളികളെയും അഴീക്കൽ ഹാർബറിൽ എത്തിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ രമേശ് ശശിധരൻ, സുഹൈർ, അസിസ്റ്റന്റ് ഡയറക്ടർ ജെയിൻ എന്നിവരുടെ മേൽനോട്ടത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് സി.ഐ എസ്.എസ്. ബൈജു, എസ്.ഐ വിനു എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ഹരിലാൽ, സിവിൽ പൊലീസ് ഓഫിസർ ഹരികുമാർ. ലൈഫ് ഗാർഡുമാരായ ഔസേപ്പച്ചൻ, ജയൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.