കൊട്ടാരക്കര: ഇടവിട്ട് പെയ്യുന്ന മഴയിൽ കൊട്ടാരക്കര താലൂക്കിൽ നാശനഷ്ടങ്ങളേറുന്നു. നിരവധി വീടുകൾ തകർന്നു, കല്ലടയാറിന്റെ തീരഭാഗങ്ങളിൽ വെള്ളം കയറി. കൃഷിനാശവും സംഭവിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് പനച്ചിവിള കളീലുവിള മേലതിൽ വീട്ടിൽ ഏലിയയുടെ വീട് പൂർണമായും തകർന്നു. നെടുവത്തൂർ കുറുമ്പാലൂർ രാജുഭവനിൽ രാജുവിന്റെ വീടും നെടുവത്തൂർ രാജേഷ് ഭവനിൽ ബീനാകുമാരിയുടെ വീടും കഴിഞ്ഞ ദിവസം നിലംപൊത്തിയിരുന്നു. മൂന്നിടങ്ങളിലുമായി 2.90 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കുളക്കട കുറ്ററ ഭാഗം കുറ്ററ വീട്ടിൽ പ്രകാശിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കടക്കൽ രതി ഭവനിൽ രതിയുടെയും കോട്ടുക്കൽ മേലതിൽ വീട്ടിൽ റെജീനയുടെയും ചിതറ പള്ളിക്കുന്നിൽ വീട്ടിൽ രാധാമണിയുടെയും വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. മതിലുകളും ചരിപ്പുകളും വ്യാപകമായി തകർന്നുവീണിട്ടുണ്ട്. കല്ലടയാറിന്റെ തീരഭാഗങ്ങളായ കുളക്കട,​ പുത്തൂർ,​ ചെറുപൊയ്ക ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങി. എന്നാൽ കാര്യമായ നാശമുണ്ടായിട്ടില്ല. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി എൻ.ഡി.ആർ.എഫ് ടീം കൊട്ടാരക്കരയിൽ എത്തിയിട്ടുണ്ട്. ഇന്നലെ തഹസീൽദാർ പി.ശുഭനുമായി സംഘം കൂടിക്കാഴ്ച നടത്തി. കൺറോൾ റൂം ഫോൺ: 0474-2454623