കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലായി. തഴത്തോടുകളിൽ നിന്ന് മഴ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് നാട്ടുകാർക്ക് വിനയാകുന്നത്. തോടുകളിൽ കെട്ടിടക്കുന്ന പായൽ പലയിടങ്ങളിലും വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നു. കായലുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും ആളുകളെ മാറ്റി പാർപ്പിക്കേണ്ട സ്ഥിതിയില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
വീട് തകർന്നു
ഇന്നലെ കന്നേറ്റി കരുമ്പാലി ഭാഗത്ത് വയലിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ വീട് തകർന്ന് വീണു. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വീട് തകർന്ന് വീണപ്പോൾ അനിൽകുമാറും ഭാര്യ രജനിയും മകൻ അഭിനവും വീട്ടിൽ ഉണ്ടായിരുന്നു. വീട് തകരുന്ന ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. വീട് തകർന്ന് അയൽ വാസിയുടെ മതിലിന്റെ പുറത്താണ് വീണത്.
കൺട്രോൾ റൂം തുറന്നു
താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ കടലാക്രമണം ഇന്നലെയും തുടർന്നു. മത്സ്യത്തൊഴിലാളികൾ പണിക്ക് പോയില്ല. ആലപ്പാട് മേഖലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി തോട്ടപ്പള്ളി പടിഞ്ഞാറ് കുടുങ്ങിയ ബോട്ട് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചു. കരുനാഗപ്പള്ളി , ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് തഹസീൽദാർ നിർദ്ദേശം നൽകി.