കൊല്ലം: മൺറോത്തുരുത്തിനെയും പടിഞ്ഞാറേ കല്ലടയെയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരം ഒരു വർഷത്തിനകം വിതരണം ചെയ്യും. പാലവും അപ്രോച്ച് റോഡും നിർമ്മിക്കാൻ 159.81സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൺറോത്തുരുത്തിലെ കണ്ണങ്കാട്ട് കടവിനെയും പടിഞ്ഞാറെ കല്ലടയിലെ കല്ലുമൂട്ടിൽ കടവിനേയും ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലം.
നിലവിൽ പാലം നിർമ്മാണത്തിന്റെ സാമൂഹ്യാഘാത പഠനം അംഗീകരിച്ച് സ്ഥലമേറ്റെടുക്കലിന് അനുമതിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദ സർവേയും തുടർന്ന് വില നിർണയവും നടക്കും. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ ആക്ടുകൾ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
പാലത്തിന്റെ നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി കിഫ്ബിയിൽ നിന്ന് 24.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിന് നിലവിലെ കണക്കുകൂട്ടലിനെക്കാൾ കൂടുതൽ തുക ആവശ്യമായി വന്നാൽ അതും കിഫ്ബിയിൽ നിന്ന് ലഭിക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലുടൻ പാലത്തിന്റെ നിർമ്മാണം ടെണ്ടർ ചെയ്യും. ഏറ്റെടുക്കേണ്ട സ്ഥലം നേരത്തെ അളന്ന് കല്ലിട്ട് തിരിച്ചിട്ടുണ്ട്. വിലനിർണയം പുരോഗമിക്കുകയാണ്. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി.
വരുന്നത് പുതിയ സമാന്തര പാത
നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ - പേഴുംതുരുത്ത് പാലത്തിനൊപ്പം കണ്ണങ്കാട്ട് കടവ് പാലം കൂടി തുറക്കുന്നതോടെ കൊല്ലം നഗരത്തിൽ നിന്ന് വേഗത്തിൽ കുന്നത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിലെത്താം. ഇപ്പോൾ ചവറ, കുണ്ടറ വഴിയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്ര. മൺറോത്തുരത്ത് വഴിയുള്ള പാത തുറക്കുന്നതോടെ കൊല്ലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 12 കിലോ മീറ്ററോളം ദൂരവും അതുവഴി സമയവും ലാഭിക്കാം. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ പുതിയൊരു സമാന്തരപാത കൂടിയാകും ഇത്.
കണ്ണങ്കാട്ട് കടവ് പാലം
പദ്ധതി തുക: 24.95 കോടി (സ്ഥലമേറ്റെടുപ്പ് സഹിതം)
നീളം: 134 മീറ്റർ
വീതി: 11.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ വീതി
അഞ്ച് സ്പാനുകൾ
നടുവിലത്തെ സ്പാനിന് 30 മീറ്റർ നീളം
26 മീറ്റർ നീളമുള്ള നാല് സ്പാനുകൾ
അപ്രോച്ച് റോഡ്: 730 മീറ്റർ