rain

കൊല്ലം: തോരാമഴ നനഞ്ഞ് ജില്ലയിലെ ടൂറിസം മേഖലയും നിശ്ചലമായി. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആളനക്കമില്ലാതായിട്ട് ദിവസങ്ങളായി. മഴ തുടരുന്നതിനാൽ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ലഭിച്ചിരുന്ന ബുക്കിംഗ് റദ്ദായി.

റെഡ്, ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതോടെ തെന്മല ഇക്കോ ടൂറിസം കേന്ദ്രം പൂർണമായി അടഞ്ഞു. ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നില്ല. ഗ്രാമീണ ടൂറിസത്തിലൂടെ ശ്രദ്ധേയമായ മൺറോത്തുരുത്തിലും ടൂറിസ്റ്റുകൾ എത്തുന്നില്ല. സാധാരണയിൽ നിന്ന് വ്യത്യസ്തമായി മഴക്കാലമായിട്ടും ജൂൺ, ജൂലായ് മാസങ്ങളിൽ മൺറോത്തുരുത്തിൽ ടൂറിസ്റ്റുകൾ കൂടുതലായി എത്തിയിരുന്നു.

തമിഴ്നാട് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് എത്തിയിരുന്നത്. ആഗസ്റ്റ് ആദ്യം മുതൽ റിസോർട്ടുകളിൽ ഫുൾ ബുക്കിംഗായിരുന്നു. മഴ കനത്തതോടെ ഭൂരിഭാഗവും സന്ദർശനം ഉപേക്ഷിച്ചു.

ഗ്രാമീണ ടൂറിസത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയ സാമ്പ്രാണിക്കോടിയിലെ ബോട്ട് സർവീസ് നിരോധനം തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതോടെ കൊല്ലം ബീച്ച്, പാർക്ക്, അഴീക്കൽ, പരവൂർ തീരങ്ങളിലും സന്ദർശകർ എത്താതായി.

വേലിചാടാതെ വേലിയേറ്റം

മൺറോത്തുരുത്ത് ഉൾപ്പെടെ കായൽ തീരങ്ങളിൽ വേലിയേറ്റം ശക്തമല്ലാത്തത് നാട്ടുകാർക്ക് ഏറെ ആശ്വസമായി. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടും തുരുത്തിനെ കാര്യമായി ബാധിച്ചിട്ടില്ല.