കരുനാഗപ്പള്ളി: മഴക്കാലം തുടങ്ങിയതോടെ മിക്കറോഡുകളും മഴവെള്ളം നിറഞ്ഞ് കുളങ്ങൾക്ക് സമാനമായി. റോഡിലെ കുഴികൾക്ക് എത്ര ആഴമുണ്ടെന്ന് പോലും നിശ്ചയമില്ല. വെള്ളം നിറഞ്ഞ് കിടക്കുന്ന ഈ കുഴികൾ വലിയ അപകടം വിളിച്ചുവരുത്തുന്നുണ്ട്. തക‌ർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്ത റോഡുകൾ ഇപ്പോൾ യാത്രക്കാ‌ർക്ക് ഭീഷണിയാവുകയാണ്. വാഹനങ്ങളിലോ, നടന്നോ പോകാനാവാത്ത അവസ്ഥയാണ്. മഴ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീഴുന്നത് പതിവ് കാഴ്ചയാണ്.

നിർമ്മാണം പാതിവഴിയിൽ

കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന നിരവധി റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു വർഷത്തിന് മുമ്പ് ടെണ്ടർ എടുത്ത റോഡുകൾ പോലും നന്നാക്കി സഞ്ചാര യോഗ്യമാക്കാൻ കരാറുകാർ മെനക്കെട്ടില്ലെന്ന പരാതിയും വ്യാപകമാണ്. പല റോഡുകളും കരാറുകാർ വെട്ടിപ്പൊളിച്ച ശേഷം നിർമ്മാണം പാതി വഴിക്ക് ഉപേക്ഷിച്ചതായി കാണാം. പ്രധാനപ്പെട്ട പല റോഡുകളും ജെ.സി.ബി ഉപയോഗിച്ച് ടാർ നീക്കം ചെയ്ത ശേഷം ക്വാറി വെസ്റ്റ് ഇട്ട് നിരത്തിയിട്ട് മാസങ്ങളായി.

കരാറുകാരുടെ അനാസ്ഥ

റോഡ് ടാർ ചെയ്യുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. മഴ ശക്തമായതോടെ റോഡുകൾ ടാർ ചെയ്യാൻ പറ്റാത്ത സ്ഥിതിയിലുമായി. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച വർക്കുകളാണ് എങ്ങുമെത്താതെ കിടക്കുന്നത്. വേനൽക്കാലത്ത് കരാറുകാർ വർക്ക് നീട്ടിക്കൊണ്ട് പോയതാണ് ഇപ്പോഴത്തെ ദുസ്ഥിതിക്ക് കാരണം. മഴ മാറുന്ന മുറയ്ക്ക് മുടങ്ങിക്കിടക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.