
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നജീബിന്റെയും നസീമയുടെയും മകൻ നൗഫലിന്റെ (21) മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഏഴോടെ അപകടസ്ഥലത്ത് നിന്ന് നൂറുമീറ്റർ മാറി നാട്ടുകാർ കണ്ടെത്തിയത്. പള്ളിമൺ - ഇത്തിക്കരയാറ്റിൽ കുണ്ടുമൺ മുസ്ളിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നാലംഗ സംഘം ആറ്റിൽ കുളിക്കാനിറങ്ങിയത്. കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മൂന്നുപേർ രക്ഷപ്പെട്ടിരുന്നു. വെൽഡിംഗ് ജോലിക്ക് പോയ നൗഫൽ അടക്കം അഞ്ചുപേരാണ് ചൂണ്ടയിടാൻ ആറ്റുതീരത്തെത്തിയത്. ഇവരിൽ ഒരാൾ കരയ്ക്കിരിക്കുകയും മറ്റ് നാലുപേർ ആറ്റിൽ ഇറങ്ങുകയുമായിരുന്നു. കണ്ണനല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കബറടക്കം നടത്തി. സഹോദരങ്ങൾ: നിഷാദ്, നിയാസ്, ഫാത്തിമ.