 
കൊല്ലം: ഡിസ്ചാർജായി ഒരാഴ്ചകഴിഞ്ഞിട്ടും ജില്ലാആശുപത്രിയിൽ നിന്ന് പോകാൻ കൂട്ടാക്കാതിരുന്ന വൃദ്ധനെ അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചു. കേരളപുരത്ത് അവശനിലയിൽ കണ്ടെത്തിയ 65 വയസ് തോന്നിക്കുന്ന വൃദ്ധനെ ഒരു മാസം മുമ്പ് സന്നദ്ധ പ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില വീണ്ടെടുത്ത് ഒരാഴ്ച മുമ്പ് ഡിസ്ചാർജായെങ്കിലും ആശുപത്രി പരിസരത്ത് തന്നെ തങ്ങുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ആശുപത്രി സൂപ്രണ്ട് വസന്തദാസിനോട് ആരും തിരിഞ്ഞു നോക്കാനില്ലെന്നും പോകാൻ സ്ഥലമില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേശനെയും ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസറായ മനോജിനെയും അറിയിച്ചു. ട്രാക്കിന്റെ ആംബുലൻസിൽ ഗണേശും മനോജും ചേർന്ന് പുതു വസ്ത്രങ്ങൾ നൽകി വൃദ്ധനെ തേവലക്കര മൈനാഗപ്പള്ളി കടപ്പയിലുള്ള സ്‌നേഹനിലയം അഗതി മന്ദിരത്തിലെത്തിച്ചു. രാജൻ എന്നാണ് പേരെന്നും സ്വദേശം കുണ്ടറ കാഞ്ഞിരംകോട് ആണെന്നും ഭാര്യ സുധയെന്നുമെല്ലാം അദ്ദേഹം പറയുന്നുണ്ടെങ്കിലും ഓർമ്മക്കുറവുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.