mazha

കൊല്ലം: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ട മലയോര മേഖലയിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി. കനത്ത മഴയെ തുടർന്ന് കല്ലട, അച്ചൻകോവിൽ, പള്ളിക്കൽ, ഇത്തിക്കരയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. മഴ കനത്താൽ തെന്മല ഡാം തുറക്കേണ്ടി വരുമോയെന്നും ആശങ്കപ്പെട്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴികിമറുന്നതേയുള്ളു. വിവിധ സ്ഥലങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകളെ പാർപ്പിച്ചിട്ടുണ്ട്. പുനലൂർ താലൂക്കിൽ 22 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും മഴ കുറഞ്ഞു. ജില്ലയിൽ നിലവിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മഴക്കെടുതികൾ വിലയിരുത്തി. ഏതു അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന് യോഗം വിലയിരുത്തി.
നാശനഷ്ടങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി വിലയിരുത്തണമെന്നും വേണ്ട നടപടികൾ കാര്യക്ഷമമാക്കണമെന്നും വിവിധ വകുപ്പ് മേധാവികൾക്ക് മന്ത്രിമാർ നിർദ്ദേശം നൽകി. എം.പി മാരായ എ.എം.ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, സിറ്റി പൊലീസ് കമ്മിഷണർ, എ.ഡി.എം ആർ.ബീനാറാണി തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ ഉയർന്ന മറ്റ് നിർദേശങ്ങൾ

 ആവശ്യമായ ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കും

 ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം
 അപകട സാഹചര്യങ്ങളിലുളള മരങ്ങൾ മുറിച്ചു മാറ്റും.

 മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം

 കൺട്രോൾ റൂമുകൾ 24 മണിക്കൂറും
 ആലപ്പാട് മേഖലയിൽ താത്കാലിക കടൽഭിത്തി നിർമ്മിക്കും

 ജലജന്യ രോഗങ്ങൾ തടയാൻ നടപടി

 ആദിവാസി മേഖലകളിൽ പ്രത്യേക സുരക്ഷാ സേന

മഴക്കെടുതി നേരിടാനുള്ള പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ശക്തമായി നടന്നുവരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കെ.എൻ. ബാലഗോപാൽ, മന്ത്രി